സുധീര്‍ നാഥ്
1998 മാര്‍ച്ച് 16ന് സഖാവ് ഇഎംഎസ് നമ്പൂതിരിപ്പാട് അന്തരിച്ചു. അന്നു തന്നെയാണ് വാജ്പേയുടെ നേത്യത്ത്വത്തില്‍ കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരം ഏല്‍ക്കുന്നത്. 23ാം ഓര്‍മ്മദിനമായ മാര്‍ച്ച് 19ന് 29 വര്‍ഷം മുന്‍പ് നടന്ന ഒരു മുഖാമുഖം ഓര്‍ക്കുന്നു.
1992ല്‍ സഖാവ് ഇ.എംഎസിനെ. അങ്കമാലിക്കടുത്ത് നായരങ്ങാടിയിലെ മകന്‍റെ വീട്ടില്‍ വെച്ച് കാണുവാനും, ഏറെ സംസാരിക്കുവാനും അവസരം ലഭിച്ചിരുന്നു. അന്ന് ദേശാഭിമാനി പത്രാധിപരായിരുന്ന അപ്പുക്കുട്ടന്‍ വള്ളികുന്നായിരുന്നു അദ്ദേഹത്തോടൊപ്പം മുഖാമുഖം ഇരിക്കാനുള്ള അവസരം ഉണ്ടാക്കി തന്നത്. അന്ന് എറണാകുളം മഹാരാജാസ് കോളേജിലെ മുന്‍ എഡിറ്ററും, മഹാത്മാഗാന്ധി സര്‍വ്വകലാശാല സെനറ്റ് മെമ്പറുമായ സത്യന്‍ കോളങ്ങാടിനേയും കൂട്ടിയാണ് ഇ.എം.എസിനെ കാണുവാന്‍ പോയത്. ചാരുകസേരയിലിരുന്ന് ദേശാഭിമാനി പത്രം വായിക്കുന്ന ഇ.എം.എസായിരുന്നു വീടിന്‍റെ വരാന്തയില്‍ ഉണ്ടായിരുന്നത്.
കാര്‍ട്ടൂണുകള്‍ താന്‍ ശ്രദ്ധിക്കാറില്ലെന്നും, ലേഖനത്തോളം പ്രസക്തി കാര്‍ട്ടൂണിന് ഉള്ളതായി തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ മുന്‍കൂട്ടി ചര്‍ച്ച ചെയ്ത് എഴുതി തയ്യാറാക്കിയാണ് കൊണ്ടു പോയത്. ചോദ്യങ്ങള്‍ അദ്ദേഹത്തിനെ ഏല്‍പ്പിച്ചു. അത് വായിച്ച് നോക്കിയ ശേഷം അദ്ദേഹം പറഞ്ഞത് ڇ ഇതിലെ പല ചോദ്യങ്ങള്‍ക്കും, ഉത്തരം പറയാന്‍ വയ്യല്ലോڈ എന്നാണ്.
ഓരോ ചോദ്യവും, അതിന് അദ്ദേഹം നല്‍കിയ മറുപടിയും ചുവടെ.
ചോദ്യം: കാര്‍ട്ടൂണുകള്‍ ശ്രദ്ധിക്കാറുണ്ടോ…? അങ്ങയെ കേന്ദ്രീകരിച്ച് വരയ്ക്കുന്ന കാര്‍ട്ടൂണുകള്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടോ…?
ഇ.എം.എസ്.: കാര്‍ട്ടൂണ്‍ ഞാന്‍ അത്ര കാര്യമായി ശ്രദ്ധിക്കാറില്ല. പക്ഷെ ഞാന്‍ ഒരു കാര്‍ട്ടൂണ്‍ വിരോധിയല്ല. അത്ര ഗൗരവമായി എടുക്കാറില്ല.
ചോദ്യം: അങ്ങയെ ചൊടിപ്പിക്കുകയോ, മനസ് നോവിക്കുകയോ ചെയ്ത കാര്‍ട്ടൂണുകള്‍ ഓര്‍ക്കുന്നുണ്ടാ ?
ഇ.എം.എസ്.: കാര്‍ട്ടൂണ്‍ വേദനിപ്പിക്കുന്നു എന്ന് വന്നാല്‍ രാഷ്ട്രീയത്തില്‍ നില്‍ക്കാനാവില്ല. എന്നെ ആക്ഷേപിച്ച് ധാരാളം കാര്‍ട്ടൂണുകള്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ വരുന്നുമുണ്ട്. ഞാനതത്ര കാര്യമാക്കാറില്ല.
ചോദ്യം: അങ്ങയെ വിമര്‍ശിച്ചുകൊണ്ടുള്ള കാര്‍ട്ടൂണുകളോട് എങ്ങനെ പ്രതികരിക്കുന്ന ?
ഇ.എം.എസ്.: വിമര്‍ശിച്ചു കൊണ്ട് എത്രയോ ലേഖനങ്ങള്‍ വരുന്നില്ലേ ? അതിനേക്കാള്‍ വലിയ കാര്യമല്ല കാര്‍ട്ടൂണ്‍.
ചോദ്യം: അങ്ങയുടെ കാരിക്കേച്ചറുകള്‍ പലരും വരച്ചിട്ടുണ്ടല്ലോ. അവ കാണുമ്പോള്‍ എന്തു തോന്നിയിട്ടുണ്ട് ?
ഇ.എം.എസ്.: ലേഖനത്തോളം പ്രസക്തി കാര്‍ട്ടൂണിനില്ല. കാര്‍ട്ടൂണ്‍ എന്നാല്‍ എന്തോ മഹാ കാര്യമാണെന്നാണ് നിങ്ങളുടെ വിചാരം. പത്രങ്ങളില്‍ ലേഖനങ്ങള്‍ക്കാണ് പ്രാധാന്യം. കാര്‍ട്ടൂണിനെക്കുറിച്ച് വിദഗ്ധാഭിപ്രായം പറയാന്‍ എനിക്ക് കഴിയില്ല.
ചോദ്യം: ശങ്കറിന്‍റേയും മറ്റും കാര്‍ട്ടൂണുകള്‍ ശ്രദ്ധിച്ചിട്ടുണ്ടോ ?ഇ.എം.എസ്.: ഉവ്വ്… ശങ്കറിന്‍റെ കാര്‍ട്ടൂണുകള്‍ എനിക്കിഷ്ടമായിരുന്നു. അതുപോലെ കുട്ടിയുടെ കാര്‍ട്ടൂണുകളും ഇഷ്ടമാണ്.
പിന്നീടുള്ള ചോദ്യങ്ങള്‍ രാഷ്ട്രീയമായിരുന്നു. അതിന് വളരെ വിശദ്ധമായി തന്നെ അദ്ദേഹം മറുപടിയും നല്‍കി. സ്വയം വിമര്‍ശനം ഏല്‍ക്കേണ്ടി വരുമ്പോള്‍ പലരും അസ്വസ്ഥരാവുക സ്വാഭാവികം. ഇ.എം.എസിനെ അതിരൂക്ഷമായി ആക്രമിക്കുന്ന കാര്‍ട്ടൂണുകള്‍ വന്നുകൊണ്ടിരിക്കുന്ന സമയമായതായിരിക്കണം ഇത്തരം ഒരു മറുപടി ലഭിച്ചതെന്ന് വിശ്വസിക്കാനാണ് ആഗ്രഹിക്കുന്നത്.
ഇനി പതിനെട്ട് വര്‍ഷം പിന്നോട്ട് പോകാം. 1974 നവംബര്‍ മാസം 10ന് കാര്‍ട്ടൂണിസ്റ്റ് ബി.എം. ഗഫൂറിന്‍റെ കാര്‍ട്ടൂണുകളുടെ സമാഹാരമായ കാര്‍ട്ടൂണ്‍ ഇന്ത്യയ്ക്ക് ആമുഖമായി ആശംസകള്‍ നേര്‍ന്ന് എഴുതിയത് സഖാവ് ഇഎംഎസ് തന്നെ. ദേശാഭിമാനി ബുക്സായിരുന്നു കാര്‍ട്ടൂണ്‍ ഇന്ത്യ 74 എന്ന പുസ്തകം വിതരണം ചെയ്തിരുന്നത്. സഖാവ് ഇഎംഎസ് ഇങ്ങനെ എഴുതി. സര്‍വ്വപ്രശസ്തരായ പല കാര്‍ട്ടൂണിസ്റ്റുകളും സാര്‍വ്വദേശീയ സംഭവവികാസങ്ങളെ തന്നെ വന്‍ തോതില്‍ സഹായിച്ചിട്ടുണ്ട്. നിരവധി പാരഗ്രാഫുകളും പേജുകളുമുള്‍ക്കൊള്ളുന്ന ഒരു ലേഖനത്തേക്കാള്‍ ജനഹ്യദയം കവരുന്നതും രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് അരങ്ങൊരുങ്ങുന്നതുമായ കാര്‍ട്ടൂണുകളുടെ കര്‍ത്താക്കളാണവര്‍. ഇന്ത്യയിലും, കേരളത്തില്‍ തന്നെയും ഈ രംഗത്ത് ഉയര്‍ന്നുവരികയുണ്ടായിട്ടുണ്ട്.