അബുദാബി : നിയമം ലംഘിക്കുന്ന ഭക്ഷണശാലകൾക്കെതിരായ നടപടി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി കടുപ്പിച്ചു. വിവിധ നിയമങ്ങൾ ലംഘിച്ചതിന് 3 മാസത്തിനിടെ അബുദാബിയിൽ മാത്രം പൂട്ടിച്ചത് റസ്റ്ററന്റുകൾ ഉൾപ്പെടെ 7 സ്ഥാപനങ്ങളാണ്. ഹംദാൻ സ്ട്രീറ്റിൽ ഒരു റസ്റ്ററന്റും ഒരു കഫേയും അടച്ചുപൂട്ടി. ഖാലിദിയയിലും മുസഫ വ്യവസായ മേഖലയിലും സൂപ്പർമാർക്കറ്റാണ് അടപ്പിച്ചത്.
അൽഐനിൽ ഒരു കോഴി ഫാമും ഷഹാമയിലും മുസഫ ഷാബി-9ലും ഗ്രോസറിയും അടച്ചുപൂട്ടി.അധികൃതർ നടത്തിയ പരിശോധനയിൽ പൊതുജനാരോഗ്യത്തിനു ദോഷം വരുത്തുന്ന നിയമലംഘനങ്ങൾ നടന്നതായി കണ്ടെത്തിയിരുന്നു. മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം തുടർന്ന പശ്ചാത്തലത്തിലാണ് നടപടിയെന്ന് അബുദാബി കൃഷി, ഭക്ഷ്യസുരക്ഷാ അതോറിറ്റി വ്യക്തമാക്കി. നിയമലംഘനം നീക്കുന്നതുവരെ വിലക്ക് തുടരും.
ശുചിത്വമില്ലായ്മ, ഭക്ഷ്യോൽപന്നങ്ങൾ വേർതിരിച്ച് കൃത്യമായ ശീതീകരണ സംവിധാനത്തിൽ സൂക്ഷിക്കാതിരിക്കുക, ഭക്ഷ്യയോഗ്യമായ വസ്തുക്കൾ മൂടിവയ്ക്കാതെ സൂക്ഷിക്കുക, കീടങ്ങളുടെയും പ്രാണികളുടെയും സാന്നിധ്യം, വിശദാംശങ്ങൾ ഇല്ലാതെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുക തുടങ്ങിയ നിയമലംഘനങ്ങളിലാണ് നടപടി . ഭക്ഷ്യോൽപന്ന നിർമാണ, വിതരണ, സംഭരണകേന്ദ്രങ്ങളിൽ ഇത്തരം നിയമലംഘനം ശ്രദ്ധയിൽപെട്ടാൽ 800555 നമ്പറിൽ അറിയിക്കണമെന്നും അതോറിറ്റി അഭ്യർഥിച്ചു.












