ദുബായ് : നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 6ന് തുടങ്ങി. ഷാർജ ഭരണാധികാരിയും, സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ.ഷെയ്ഖ് സുല്‍ത്താൻ ബിൻ മുഹമ്മദ് അല്‍ ഖാസിമിയാണ് പുസ്തക മേള ഉദ്ഘാടനം ചെയ്തത്.
സന്ദർശകർക്ക് ഇന്ന് മുതല്‍ മേളയിലേക്ക് പ്രവേശനം അനുവദിക്കുന്നതാണ്. ഷാർജ എക്സ്പോ സെന്ററില്‍ നടക്കുന്ന പുസ്തകമേള നവംബർ 17 വരെ നീണ്ട് നില്‍ക്കും. ഇത്തവണത്തെ ഷാർജ പുസ്തകമേളയില്‍ 112 രാജ്യങ്ങളില്‍ നിന്നുള്ള 2520 പ്രസാധകർ പങ്കെടുക്കുന്നുണ്ട്.
മൊറോക്കോയാണ് ഇത്തവണത്തെ ഷാർജ ഇന്റർനാഷണല്‍ ബുക്ക് ഫെയറിലെ പ്രധാന അതിഥി രാജ്യം. അത് ഒരു പുസ്തകത്തില്‍ നിന്ന് ആരംഭിക്കുന്നു’ എന്ന ആശയത്തിലൂന്നിയാണ് നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിക്കുന്നത്. സാമൂഹിക പുരോഗതിയുമായി ബന്ധപ്പെട്ട് വായന, അറിവ് എന്നിവയ്ക്കുള്ള പ്രാധാന്യം ഈ ആശയം എടുത്ത് കാട്ടുന്നു.
യുഎഇയില്‍ നിന്നുള്ള 234 പ്രസാധകരും ഈജിപ്തില്‍ നിന്നുള്ള 172 പ്രസാധകരും, ലെബനനില്‍ നിന്നുളള 88 പ്രസാധകരും ഇന്ത്യയില്‍ നിന്നുള്ള 52 പ്രസാധകരും ഇത്തവണത്തെ ഷാർജ ഇന്റർനാഷണല്‍ ബുക്ക് ഫെയറില്‍ പങ്കെടുക്കുന്നുണ്ട്. പുസ്തകമേളയുടെ ഭാഗമായി ഏതാണ്ട് 1357-ല്‍ പരം പരിപാടികള്‍ അരങ്ങേറുന്നതാണ്.