ദുബൈ: എമിറേറ്റിൽ ഡ്രൈവറില്ലാ ടാക്സി സർവിസ് ആരംഭിക്കാൻ പദ്ധതിയിട്ട് ദുബൈ ടാക്സി. അടുത്തവർഷം ആദ്യ പാദത്തിൽ പദ്ധതി നടപ്പിലാക്കും. ദി നാഷനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ ദുബൈ ടാക്സി സി.ഇ.ഒ മൻസൂർ അൽഫലാസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പദ്ധതി ആരംഭിക്കുന്നതിന് മുന്നോടിയായി റോഡ് സുരക്ഷ, മാനദണ്ഡങ്ങൾ, പ്രവർത്തനം തുടങ്ങിയവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളും പരിശോധിക്കുന്നതിന് ദുബൈ റോഡ് ഗതാഗത അതോറിറ്റിയുമായി (ആർ.ടി.എ) ചർച്ച ചെയ്തുവരികയാണ്.
പരീക്ഷണ ഓട്ടം ഉൾപ്പെടെ നിരവധി കാര്യങ്ങളും ഇതിനിടയിൽ പൂർത്തീകരിക്കേണ്ടതുണ്ട്. ഇതെല്ലാം പൂർത്തീകരിച്ച് അടുത്തവർഷം തുടക്കത്തിൽ ഡ്രൈവറില്ല ടാക്സികൾ ദുബൈ റോഡുകളിൽ ഇറക്കാനാകുമെന്നാണ് പ്രതീക്ഷ. എമിറേറ്റിൽ ഏത് ഭാഗത്ത് ഡ്രൈവറില്ല ടാക്സികൾ നിയോഗിക്കണമെന്ന് തീരുമാനിക്കുന്നത് ആർ.ടി.എ ആണ്. ഒന്നിൽ മാത്രം നിലനിർത്താതെ ഒന്നിലധികം കാർ കമ്പനികളുമായി ചേർന്ന് ഡ്രൈവറില്ല ടാക്സി സർവിസ് ആരംഭിക്കാനുള്ള സാധ്യതയും കമ്പനി പരിശോധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ ഒരു കാർ കമ്പനിയെയും ഇതിനായി തെരഞ്ഞെടുത്തില്ല. കാരണം വ്യത്യസ്ത കമ്പനികളെയാണ് തേടുന്നത്. എപ്പോൾ സർവിസ് ആരംഭിച്ചാലും സുരക്ഷക്കാണ് മുൻഗണന. ഒപ്പം കമ്പനിക്ക് ലാഭകരമാണെന്ന് ഉറപ്പാക്കുകയും ചെയ്യും. സുസ്ഥിരതയെ പ്രോത്സാഹിപ്പിക്കുന്നതിനും ഏറ്റവും നൂതനമായ സാങ്കേതികവിദ്യകൾ തെരഞ്ഞെടുക്കുന്നതിനും സ്മാർട്ട് ഗതാഗതരംഗത്ത് യു.എ.ഇയെ മുൻനിര രാജ്യമായി മാറ്റുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
2023 ഒക്ടോബറിൽ ദുബൈയിലെ റോഡുകളിൽ ഡ്രൈവറില്ലാ വാഹനങ്ങളുടെ മേൽനോട്ട പരീക്ഷണം ആരംഭിച്ചിരുന്നു. യു.എസ് സ്വയം നിയന്ത്രണ ഡ്രൈവിങ് ടെക് കമ്പനിയായ ക്രൂസമായി ചേർന്നായിരുന്നു പരീക്ഷണം. അബൂദബിയിൽ മിഡിൽ ഈസ്റ്റിലെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള സ്വയം നിയന്ത്രിത വാഹന സർവിസുകൾക്ക് ഡിസംബറിൽ തുടക്കമിട്ടിരുന്നു. ഊബർ, ചൈനയുടെ വിറൈഡ് എന്നീ കമ്പനികളാണ് സർവിസ് നടത്തുന്നത്.
