കൊച്ചി: മലയാളി നഴ്‌സുമാർക്ക് ദുബായിൽ ജോലി വാഗ്ദാനം കോടികൾ തട്ടിയെടുത്തെന്ന പരാതിയിൽ കൊച്ചിയിലെ റിക്രൂട്ടിംഗ് ഏജൻസിക്കെതിരെ പൊലീസ് കേസെടുത്തു. സ്ഥിരം ജോലി വാഗ്ദാനം ചെയ്ത് വിസിറ്റിംഗ് വിസയിൽ ദുബായിലെത്തിച്ച അഞ്ഞൂറിലേറെ നഴ്‌സുമാർക്ക് രണ്ടു മാസം കഴിഞ്ഞും ജോലി ലഭിക്കാത്തതിനെ തുടർന്ന്‌നഴ്‌സുമാർ മുഖ്യമന്ത്രിക്ക് ഇ മെയിലിൽ നൽകിയ പരാതിയിലാണ് എറണാകുളം നോർത്ത് പോലീസ് കേസെടുത്തത്.
കൊവിഡ് വാക്‌സിനേഷൻ നൽകുന്ന ജോലിക്കെന്ന പേരിൽ നേഴ്‌സ്മാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകി തട്ടിപ്പ് നടത്തിയെന്നാണ് പരാതി. എറണാകുളം കലൂർ ആസാദ് റോഡിലെ സിയാദ് ടവറിൽ ഫിറോസ് ഖാൻ നടത്തുന്ന ടേക്ക് ഓഫ് എന്ന സ്ഥാപനമാണ് നഴ്‌സുമാരെ മാർച്ച് പകുതിയോടെ ദുബായിലെത്തിച്ചത്. സ്ഥിരം ജോലിക്ക് പകരം മൂന്നു മാസത്തെ വിസിറ്റിംഗ് വിസയാണ് നൽകിയത്. ദുരിതജീവിതേ നേരിടുകയാണെന്ന് കാട്ടിയാണ് നഴ്‌സുമാർ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കഴിഞ്ഞ ഞായറാഴ്ച പരാതി ഇ മെയിൽ ചെയ്തത്.
രണ്ടര മുതൽ മൂന്നു ലക്ഷം രൂപ വരെ വാങ്ങി സർക്കാർ ജോലിയെന്ന് വാഗ്ദാനം ചെയ്താണ് കോടികൾ തട്ടിച്ചത്. ദുബായിൽ ഡോർമിറ്ററികളിൽ ഒരു മുറിയിൽ 13 മുതൽ 15 പേർ വീതമുണ്ട്. ഒരു ടോയ്‌ലറ്റ് മാത്രമാണ് ഇവർക്കുള്ളത്. ടോയ്‌ലറ്റിൽ പോകാൻ ക്യൂ നിൽക്കേണ്ട ഗതികേടിലാണെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. വളരെ മോശമായ ഭക്ഷണം മുറിക്ക് പുറത്ത് വച്ചിട്ട് പോകുകയാണ്.
ഒരാഴ്ചയ്ക്കകം ജോലി, ഒന്നര ലക്ഷം പ്രതിമാസ ശമ്പളം, സൗജന്യ താമസം, ഭക്ഷണം എന്നിവയായിരുന്നു വാഗ്ദാനം. വാക്‌സിൻ ഡ്യൂട്ടി കഴിഞ്ഞെന്നാണ് ഏജൻസിയുടെ ദുബായിലെ പ്രതിനിധികൾ പറയുന്നത്. ഹാം നഴ്‌സ്, കെയർ ടേക്കൽ തുടങ്ങിയ ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയാണ്. ഗതികേടുകൊണ്ട് നിരവധി പേർ ഇത്തരം ജോലികൾ സ്വീകരിച്ചു. മറ്റുള്ളവർ മടങ്ങണമെന്നും പണം തിരികെ നൽകില്ലെന്നും അറിയിച്ചു ഭീഷണിപ്പെടുത്തി. ടേക്ക് ഓഫ് സ്ഥാപനത്തിൽ പരിശോധന ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.











