സുധീര്‍നാഥ്
ത്യക്കാക്കരയുടെ സ്വന്തം ഡോക്ടര്‍ എം ലീലാവതിയാണ് മലയാള സാഹിത്യത്തിന്‍റെ ടീച്ചറമ്മ എന്ന് മുന്‍പ് തന്നെ പരാമര്‍ശിച്ചിട്ടുണ്ടല്ലോ… മലയാളത്തില്‍ പെണ്ണെഴുത്ത് എന്ന രീതിയില്‍ സാഹിത്യ കൃതികളെ വേര്‍തിരിച്ചു കാണാന്‍ തുടങ്ങുന്നതിന് മുന്‍പ് തന്നെ സ്ത്രീകള്‍ എഴുത്തുകാരായി പേരെടുത്തിരുന്നു. ലളിതാംബിക അന്തര്‍ജ്ജനത്തിന് ശേഷം കെ ബി ശ്രീദേവിയാണ് ബ്രാഹ്മണ കുടുംബങ്ങളിലെ അടുക്കളപ്പുറം ഒരു ലോകമുണ്ടെന്ന് തിരിച്ചറിയാത്ത സ്ത്രീകളെപ്പറ്റി എഴുതിയത്. ഏതാണ്ട് അതേ കാലഘട്ടത്തില്‍ മലയാള സാഹിത്യ ലോകത്തേക്ക് ഉറച്ച കാല്‍വയ്പ്പോടെ കടന്നു വന്ന മറ്റൊരു എഴുത്തുകാരിയാണ് രമാദേവി വെള്ളിമന. എന്‍.ബി.എസ് പ്രസിദ്ധീകരിച്ച അവസാനത്തെ വഴിയമ്പലം, നിറങ്ങള്‍ തേടുന്ന നിഴലുകള്‍ തുടങ്ങി അഞ്ചോളം നോവലുകളും അന്‍പതോളം ചെറുകഥകളും അവര്‍ എഴുതി. വെയര്‍ഹൗസിംഗ് കോര്‍പറേഷനിന്‍ നിന്ന് വിജിലന്‍സ് മാനേജരായി വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന രമാദേവി തൃക്കാക്കരയിലെ വെള്ളിമനയിലുണ്ട്. രമാദേവി വെള്ളിമനയുടെ മകള്‍ വിനിത വെള്ളിമന ചിത്രകാരിയും, എഴുത്തുകാരിയും, ചലചിത്ര പ്രവര്‍ത്തകയുമാണ്. ചലചിത്ര അഭിനയ രംഗത്തും അവര്‍ ഒരു ശ്രമം നടത്തിയിട്ടുണ്ട്. കൊച്ചി സര്‍വ്വകലാശാല അസിസ്റ്റന്‍റ് രജിസ്റ്റാറായ അവര്‍ ആനുകാലികങ്ങളില്‍ ഇപ്പോള്‍ സ്ഥിരമായി എഴുതുന്നുണ്ട്.
ബംഗാള്‍ സാഹിത്യം മലയാളിക്ക് വിവര്‍ത്തനത്തിലൂടെ സമ്മാനിച്ചവരില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ബംഗാളി അദ്ധ്യാപിക കൂടിയായ നിലീന എബ്രഹാം വഹിച്ച പങ്ക് വിലമതിക്കാന്‍ സാധിക്കാത്തതാണ്. മലയാളത്തിന്‍റെ മരുമകളായ അവര്‍ ത്യക്കാക്കര ഭാരത മാതാ കോളേജിന്‍റെ എതിര്‍ശത്തായിരുന്നു ഭര്‍ത്താവ് തരിയന്‍ എബ്രഹാമുമൊത്ത് താമസിച്ചിരുന്നത്. മലയാളത്തില്‍ നിന്ന് ബംഗാളിയിലേയ്ക്കും പത്തോളം ക്യതികള്‍ അവര്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്‍റെ പാത്തുമ്മയുടെ ആട്, ബാല്യകാല സഖി തുടങ്ങിയ കഥാസമാഹരത്തിന്‍റെ ബംഗാളി വിവര്‍ത്തനത്തിന് കേന്ദ്ര സാഹിത്യ അക്കാദമി അവര്‍ക്ക് അവാര്‍ഡ് നല്‍കി ആദരിച്ചിട്ടുണ്ട്.
1983ല്‍ ആള്‍ ഇന്ത്യ റേഡിയോയില്‍ അനൗണ്‍സറായി ജോലിയില്‍ കയറിയ കവയത്രി വി എം ഗിരിജ ഇപ്പോള്‍ ത്യക്കാക്കരക്കാരിയാണ്. 1989 കൊച്ചി എഫ് എം നിലയം തുടങ്ങിയ അന്നു മുതല്‍ ത്യക്കാക്കരയില്‍ ഭര്‍ത്താവും, പ്രമുഖ പരിസ്ഥിതി സാമൂഹ്യ പ്രവര്‍ത്തകനുമായ സി ആര്‍ നീലകണ്ഠനും മക്കളുമൊത്ത് താമസിക്കുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം ഒട്ടേറെ പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കവിതകള്‍ മാത്രമല്ല, ലേഖനങ്ങളും അവരുടേതായി മലയാളികള്‍ വായിച്ചിട്ടുണ്ട്.
മലയാള ആധുനിക കഥയെഴുത്തുകാരില്‍ പ്രശസ്തയാണ് പ്രിയ എ എസ്. ത്യക്കാക്കര ഭാരത മാതാ കോളേജില്‍ പഠിച്ചിരുന്ന അവര്‍ ഇപ്പോള്‍ കൊച്ചി സര്‍വ്വകലാശാല ഉദ്യോഗസ്ഥയാണ്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ അവര്‍ അരുന്ധതി റോയുടെ ഗോഡ് ഓഫ് സ്മോള്‍ തിംഗ്സ് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ത്യക്കാക്കര ക്ഷേത്രത്തിന് സമീപമാണ് അവര്‍ താമസിക്കുന്നത്. കഥാകാരി മാധവിക്കുട്ടിയുടെ സഹോദരി സുവര്‍ണ്ണ നാലപ്പാട് താമസിച്ചിരുന്നത് ചെമ്പുമുക്കിന് സമീപമായിരുന്നു. കവിതകളും, കഥകളും, നോവലുകളും, ബാലസാഹിത്യവും അവരുടെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ ബോംബയിലാണ് അവര്‍ താമസിക്കുന്നത്.
ചിത്രകലയിലും, കവിതയിലും, സഞ്ചാരസാഹിത്യ രംഗത്തും അറിയപ്പെടുന്ന എഴുത്തുകാരിയാണ് രാജനന്ദിനി. അവര്‍ കൈലാസയാത്ര നടത്തി എഴുതിയ പുസ്തകവും, കൈലാസ യാത്രയില്‍ കണ്ട കാഴ്ച്ചകള്‍ കാന്‍വാസിലും പകര്‍ത്തി പ്രശസ്തയായി. ജഡ്ജ്മുക്കിന് സമീപം താമസിക്കുന്ന അവര്‍ തെരുവോരം മുരുകന്‍റെ കഥ പുസ്തക രൂപത്തിലാക്കിയിട്ടുണ്ട്. വൈദ്യ ശാസ്ത്രത്തില്‍ പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള ഗൈനക്കോളജിസ്റ്റായ ഡോക്ടര്‍ രാജകുമാരി ഉണ്ണിത്താന്‍ താമസിക്കുന്നത് ജഡ്ജ്മുക്കിന് സമീപം തന്നെ. 1978ല്‍ എംബി ഗൈനക്കോളജിയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് ജേതാവാണ്. ഈ രംഗത്ത് അവര്‍ രചിച്ച ലേഖനങ്ങള്‍ വൈദ്യ ശാസ്ത്ര രംഗത്തെ പഠനമാണ്.
എം സുചിത്ര പരിസ്ഥിതിയെ കുറിച്ച് ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയവരാണ്. ഡൗണ്‍ ടു എര്‍ത്തില്‍ എഴുതിയ പല ലേഖനങ്ങളും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവയാണ്. സ്ത്രീകളെയും, കുട്ടികളെയും കുറിച്ച് അവര്‍ എഴുതിയ റിപ്പോര്‍ട്ടുകളും, ലേഖനങ്ങളും ശ്രദ്ധേയമായിരുന്നു. കേരള മീഡിയ അക്കാദമിയിലെ ഹേമലത എഴുത്തുകാരിയും, മാധ്യമ അദ്ധ്യാപികയും കൂടിയാണ്. കൊച്ചി എഫ് എം നിലയത്തിലെ റിപ്പോര്‍ട്ടറും, വാര്‍ത്താ വായനാക്കാരിയും ആയിരുന്നു.
















