ഗ്രാമീണ മേഖലയിൽ ജനപങ്കാളിത്തത്തോടെ കുടിവെള്ള വിതരണം ലക്ഷ്യമിട്ട ജലനിധി പദ്ധതി പൂർണതയിലെത്തിയതോടെ സംസ്ഥാനത്ത് പ്രയോജനം ലഭിച്ചത് 18.66 ലക്ഷം ഗുണഭോക്താക്കൾക്ക്. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ ഈ പദ്ധതിയുടെ ലക്ഷ്യം 15 ലക്ഷം പേർക്ക് കുടിവെള്ള – ശുചിത്വ സൗകര്യങ്ങൾ ലഭ്യമാക്കുകയായിരുന്നു. അധികമായി 3.66 ലക്ഷംപേർക്കുകൂടി ഈ സൗകര്യം ലഭ്യമാക്കാൻ ജലനിധിക്കു കഴിഞ്ഞു. പദ്ധതിയുടെ ആകെ ചെലവ് 1360.24 കോടി രൂപയാണ്. ഇതിന്റെ 65 ശതമാനമായ 884.31 കോടി രൂപ ലോകബാങ്കിൽനിന്നും ധനസഹായമായി ലഭിച്ചു.
കുടിവെള്ള പദ്ധതികളിലായി 10.56 ലക്ഷം പേർക്കും ശുചിത്വ പദ്ധതികളിലായി 8.10 ലക്ഷം പേർക്കും രണ്ട് ഘട്ടങ്ങളിലായി നടത്തിയ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ഒന്നാംഘട്ടത്തിന്റെ പ്രവർത്തന ചെലവായി വിഭാവനം ചെയ്തിരുന്നത് 451.4 കോടി രൂപയായിരുന്നു. സാമ്പത്തിക അച്ചടക്കം പാലിച്ച് മുന്നോട്ട് പോയതിനാൽ പ്രവർത്തന ചെലവ് 411 കോടി രൂപയായി കുറയ്ക്കാൻ സാധിച്ചുവെന്നതും വകുപ്പിന്റെ നേട്ടമാണ്. രണ്ടാംഘട്ട പദ്ധതിയിൽ 11.5 ലക്ഷം പേർക്ക് കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 2018, 2019 വർഷങ്ങളിലെ പ്രളയം പ്രതികൂലമായി ബാധിച്ചിട്ടും 11.60 ലക്ഷം പേർക്ക് കുടിവെള്ളം ലഭ്യമാക്കാനായി. ജലനിധി രണ്ടാംഘട്ട വായ്പയുടെ തിരിച്ചടവ് 2017 ജൂൺ 15 മുതൽ ആരംഭിച്ചിട്ടുണ്ട്. 2036 ജൂൺ 15 വരെയാണ് തിരിച്ചടവ് കാലാവധി. അതുകൊണ്ട് പദ്ധതി പൂർത്തീകരണം വൈകുന്നത് വായ്പ തിരിച്ചടവിനെ പ്രതികൂലമായി ബാധിക്കില്ല.
പദ്ധതിയുടെ കാലാവധി 2019 ജൂണിൽ അവസാനിച്ചെങ്കിലും കണക്കുകൾ തീർപ്പാക്കുന്നതിന് അതേവർഷം ഡിസംബർ 27 വരെ സമയം അനുവദിച്ചിരുന്നു. കണക്കുകൾ ഓഡിറ്റ് ചെയ്തശേഷം ജനകീയ സമിതികൾക്കും ഗ്രാമപഞ്ചായത്തുകൾക്കും കൈമാറുന്ന പ്രക്രിയ പൂർത്തിയായിവരുന്നു. കോവിഡ് പ്രതിരോധ ചട്ടങ്ങൾ പാലിക്കേണ്ടതുള്ളതിനാൽ ഈ നടപടികൾക്ക് കാലതാമസം നേരിടുന്നുണ്ട്. അതു പൂർത്തിയാകുന്നതുവരെ പദ്ധതി കാലാവധി നീട്ടണമെന്ന ആവശ്യം സർക്കാരിന്റെ പരിഗണനയിലാണ്











