വാശിയേറിയ പോരാട്ടം നടന്ന തൃത്താലയില്‍ തോല്‍വി അംഗീകരിച്ച് ഫേസ്ബുക്കില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വി.ടി ബല്‍റാമിന്റെ പോസ്റ്റ്. വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ മുതല്‍ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് മണ്ഡലത്തിലുണ്ടായിരുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും നിലവില്‍ എം.എല്‍.എയുമായ വി.ടി ബല്‍റാമിനും എം.ബി രാജേഷിനും ലീഡ് നില മാറിമാറി അനുകൂലമായിക്കൊണ്ടിരുന്നു. എന്നാല്‍ അവസാന റൗണ്ട് എണ്ണിയതോടെ രണ്ടായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ രാജേഷ് വിജയത്തോട് അടുത്തതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ രണ്ട് ടേമുകളിലായി വിജയ മാര്‍ജിന്‍ ഉയര്‍ത്തി തൃത്താലയെ കാത്ത ബല്‍റാമിന് ഇത്തവണ കനത്ത മത്സരമാണ് നേരിടേണ്ടി വന്നത്. 2011ല്‍ 3197 വോട്ടിന് വിജയിച്ച ബല്‍റാം 2016ല്‍ വിജയമാര്‍ജിന്‍ 10,547 വോട്ടുകളായി ഉയര്‍ത്തി.ഒടുവില്‍ ഇത്തവണ എം.ബി രാജേഷിനോട് വാശിയേറിയ പോരാട്ടത്തില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ്.











