റിയാദ് ∙ ഉപഭോക്താക്കളുടെ ആരോഗ്യത്തെ മുൻനിർത്തി, 2025 ജൂലൈ 1 മുതൽ സൗദിയിലെ എല്ലാ ഭക്ഷണശാലകൾക്കും ഭക്ഷ്യപദാർത്ഥങ്ങളിലെ ചേരുവകൾ നിർബന്ധമായും വെളിപ്പെടുത്തണം എന്ന പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (SFDA) അറിയിച്ചു.
ഈ നിർദേശം റെസ്റ്റോറന്റുകൾ, കഫേകൾ, ഓൺലൈൻ ഡെലിവറി പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉൾപ്പെടെ എല്ലാതരം ഭക്ഷ്യ വിൽപ്പന സ്ഥാപനങ്ങൾക്കും ബാധകമായിരിക്കും. ഉപഭോക്താക്കൾക്ക് തങ്ങൾ കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള തത്സമയ അറിവ് നൽകുകയാണ് ഈ നിയമത്തിന്റെ പ്രധാന ഉദ്ദേശ്യം.
മെനുവിൽ വ്യക്തമാക്കേണ്ട വിവരങ്ങൾ:
- ഭക്ഷണത്തിൽ ഉൾപ്പെട്ട എല്ലാ ചേരുവകളും വ്യക്തമായി പ്രിന്റ് ചെയ്ത മെനുവിലോ ഓൺലൈൻ മെനുവിലോ കാണിച്ചിരിക്കണം.
- ഉപ്പ് അധികമുള്ള ഭക്ഷണങ്ങൾക്കൊപ്പം സാൾട്ട് ഷേക്കറിന്റെ ചിഹ്നം നിർബന്ധമായി ഉൾപ്പെടുത്തണം.
- പാനീയങ്ങളിലെ കഫീൻ അളവ് കൃത്യമായി രേഖപ്പെടുത്തണം.
- ഓരോ ഐറ്റത്തിലുമുള്ള കലോറി അളവും, അത് ശരീരത്തിൽ നിന്നും എരിച്ചുകളയാൻ എടുക്കുന്ന ശരാശരി സമയവും വ്യക്തമാക്കണം.
ഉപഭോക്താക്കളുടെ ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പ് കഴിവ് ശക്തിപ്പെടുത്തുക, ഭക്ഷണ മേഖലയിലെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുക, നവീകരണം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് SFDA ഈ പുതിയ നിയമം നടപ്പിലാക്കുന്നത്.












