മസ്കത്ത്: കുവൈത്തിൽ നടന്ന ജി.സി.സി മന്ത്രിതല ഭക്ഷ്യസുരക്ഷാസമിതിയുടെ ഒമ്പതാമത് യോഗത്തിൽ ഒമാൻ പങ്കെടുത്തു.സുൽത്താനേറ്റിനെ പ്രതിനിധാനം ചെയ്ത് കൃഷി,മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ആണ് സംബന്ധിച്ചത്. കൃഷി, മത്സ്യബന്ധനം , ജലവിഭവ മന്ത്രി ഡോ. സൗദ് ഹമൂദ് അൽ ഹബ്സിയാണ് ഒമാന്റെ പ്രതിനിധി സംഘത്തെ നയിച്ചത്.
ജി.സി.സി ഏകീകൃത ഭക്ഷ്യ നിയമം (സിസ്റ്റം), ഇറക്കുമതി ചെയ്ത ഭക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനുള്ള ജിസിസി ഗൈഡ് എന്നിവയെക്കുറിച്ചും യോഗം ചർച്ച ചെയ്തു.സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി (എസ്.എഫ്.ഡി.എ) സി.ഇ.ഒ ഹിഷാം സാദ് അൽ ജാദിയുമായി അൽ ഹബ്സി ചർച്ച നടത്തി. ആഗോള ഭക്ഷ്യ സുരക്ഷാ സംവിധാനങ്ങൾ നടപ്പിലാക്കുന്നതിലും ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര വിനിമയം പ്രോത്സാഹിപ്പിക്കുന്നതിലും അനുഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതിനൊപ്പം, സംയുക്ത സഹകരണവും അറിവ് കൈമാറ്റവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള കാര്യങ്ങളും യോഗം പരിശോധിച്ചു.











