ജിസാൻ ∙ ജിസാനിൽ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അംഗങ്ങളും ചേർന്ന സംഘം ഔദ്യോഗിക സന്ദർശനം നടത്തി. പ്രവാസി ഇന്ത്യക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് അറിയാനും അതിന് പരിഹാരം കാണാനുമായിരുന്നു സന്ദർശനം.
സെൻട്രൽ ജയിൽ, തൊഴിൽവകുപ്പ് ഓഫീസ്, നാടുകടത്തൽ കേന്ദ്രം (തർഹീൽ) എന്നിവിടങ്ങളിലായിരുന്നു സംഘം സന്ദർശിച്ചത്. സന്ദർശനത്തിനിടെ, ഖാത്ത്, മദ്യം, ലഹരിമരുന്ന് എന്നിവ ഉപയോഗിച്ചതിന്‍, അതുമായി ബന്ധപ്പെട്ട ഇടപാടുകൾക്കുമായി, സാമ്പത്തിക ക്രമക്കേടുകൾക്കുമായി അറസ്റ്റ് ചെയ്യപ്പെട്ട 49 ഇന്ത്യക്കാർ ജിസാനിലെ സെൻട്രൽ ജയിലിൽ കഴിയുന്നുണ്ടെന്ന വിവരം സംഘം അറിയിച്ചു. ഇവരിൽ 33 പേർക്ക് ശിക്ഷ വിധിച്ചിട്ടുണ്ടെന്നും 17 പേർ വിധി കാത്തിരിക്കുന്നവരാണെന്നുമാണ് കണ്ടെത്തിയത്.
സംഘം ജയിൽ മേധാവി അഖീദ് സുൽത്താൻ നഈമിയുമായി ചർച്ച നടത്തി. വിസ കാലാവധി കഴിഞ്ഞ് പുതുക്കാനാകാതെ എക്സിറ്റ് വിസയ്ക്കായി കാത്തിരിക്കുന്നവരുടെ പ്രശ്നങ്ങൾ ലേബർ ഓഫീസ് സഹമേധാവി അബുബന്ദർ സുഫിയാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ചചെയ്‌തു.
ഔട്ട്പാസ് ലഭിക്കാൻ കാത്തിരിക്കുന്ന അഞ്ച് പേരുടെയും സെൻട്രൽ ജയിലിൽ കഴിയുന്ന ഏഴ് പേരുടെയും ആവശ്യമായ രേഖകൾ നാടുകടത്തൽ കേന്ദ്രത്തിൽ നടത്തിയ സന്ദർശനത്തിൽ സംഘം കൈപ്പറ്റി. ഉടൻതന്നെ തുടർനടപടികൾ സ്വീകരിക്കുമെന്ന് സംഘം വ്യക്തമാക്കി.
കോൺസുൽ കമലേഷ്‌കുമാർ മീണ, കോൺസുലേറ്റ് ഉദ്യോഗസ്ഥൻ റിയാദ് ജീലാനി, ജിസാൻ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷംസു പൂക്കോട്ടൂർ, ജനറൽ സെക്രട്ടറി ഖാലിദ് പട്ല തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.