ഷാർജ: കൽബയിൽ ജലവിതരണ പൈപ്പ്ലൈൻ ശൃംഖല വ്യാപിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമിട്ട് ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സേവ). 10.8 കോടി ദിർഹമാണ് ആകെ ചെലവ്. കൽബ വ്യവസായ മേഖല, അൽ ബുഹൈറ സമീപ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൈപ്പ് ലൈൻ ശൃംഖല വ്യാപിപ്പിക്കുന്നതിനും ജബൽ അൽദീം പദ്ധതിക്കുമായാണ് 10.8 കോടി ചെലവ് വരുന്നത്.
കൽബ സിറ്റിയിലെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് അനുസരിച്ച് ജലവിതരണം ശക്തിപ്പെടുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഷാർജയിലെ സാമ്പത്തിക, നഗര വികസനത്തെ പ്രവർത്തനങ്ങളെ ജലവിതരണ പദ്ധതികൾ പിന്തുണക്കുമെന്ന് സേവയിലെ കൽബ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ എൻജീനിയർ യൂസുഫ് അൽ ഹമ്മാദി പറഞ്ഞു.
യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൽബ വ്യവസായ മേഖലകളിൽ ജലവിതരണ ശൃംഖല വിപുലീകരിക്കുന്നതിന് 50 ലക്ഷം ദിർഹമാണ് ചെലവ്. പദ്ധതിയുടെ ആദ്യ ഘട്ടം ഈ മാസം പൂർത്തീകരിച്ചിരുന്നു. പ്ലാനിങ് ആൻഡ് സർവേ വകുപ്പും കൽബ മുനിസിപ്പാലിറ്റിയും ചേർന്ന് രണ്ടാം ഘട്ടത്തിന് തുടക്കമിടും. ഇതിന് 3,665,111 ദിർഹമാണ് ചെലവ്.
വ്യവസായ മേഖലകളിൽ നിന്നുള്ള പ്രധാന ജലവിതരണ ലൈനുകൾ അൽ ബുഹൈറയുടെ സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കും. ഇതിനായി 50 ലക്ഷം ദിർഹമാണ് ചെലവ്. പ്രദേശത്തെ പ്രധാന പൈപ്പുലൈൻ വാദി അൽ ഹിലോ ഏരിയയിലേക്ക് വിപുലീകരിക്കുന്ന പ്രവൃത്തികൾ നടന്നുവരുകയാണ്. കൂടാതെ 4.3 കോടി ദിർഹം ചെലവിട്ട് പുതിയ പമ്പിങ് സ്റ്റേഷനും നിർമിക്കും. ജനുവരി അവസാനത്തോടെ ഈ പ്രവൃത്തികൾ പൂർത്തീകരിക്കും.
ജബൽ അൽദീം പദ്ധതിയിലേക്ക് ജലവിതരണ ശൃംഖല വ്യാപിപ്പിക്കുന്ന പദ്ധതിയും നടന്നുവരുകയാണ്. പുതിയ പമ്പിങ്, ലിഫ്റ്റിങ് സ്റ്റേഷൻ സ്ഥാപിക്കുന്നതടക്കം 50 ലക്ഷം ദിർഹമാണ് ഇതിന് ചെലവ്. ഈ വർഷം ഡിസംബറിൽ പദ്ധതി പൂർത്തീകരിക്കും.
