എഡിറ്റോറിയല്‍
കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നിലെത്തിയത് രണ്ട് മാസങ്ങള്‍ക്കു മുമ്പാണ്. കാര്‍ഷിക സര്‍വകാശാല പീലിക്കോട് കേന്ദ്രത്തിലെ പ്രൊഫസറായ കെ.എം.ശ്രീകുമാര്‍ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതല നിര്‍വഹിക്കുന്നതിനിടെ നേരിട്ട അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഇതുവരെ അറിവായിട്ടില്ല. അതെന്തായാലും അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പലയിടങ്ങളിലും സമാനമാം വിധം കള്ളവോട്ട് ആവര്‍ത്തി ക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ അഞ്ച് മണ്ഡലങ്ങളില്‍ മാത്രം പതിനാലായിരത്തിലേറെ വോട്ടുകള്‍ ഇരട്ടിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു നല്‍കിയ പരാതി അതീവ ഗൗരവമുള്ളതാണ്. ഉദുമ മണ്ഡലത്തിലെ ഒരു വോട്ടറുടെ പേരില്‍ അഞ്ച് തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടെന്ന വെളിപ്പെടുത്തലും ഞെട്ടിപ്പിക്കുന്നതാണ്. തന്റെ കൈയില്‍ ഒരു കാര്‍ഡ് മാത്രമേയുള്ളൂവെന്ന് പ്രസ്തുത വോട്ടര്‍ പറയുമ്പോള്‍ മറ്റ് നാല് കാര്‍ഡുകള്‍ ആരുടെ കൈയിലാണെന്ന ചോദ്യമുയരുന്നു.
വോട്ടെടുപ്പ് സുതാര്യമായും തട്ടിപ്പ് കൂടാതെയും നടത്താനാണ് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ ഒരാളുടെ പേരില്‍ പല തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലും സാധ്യമാകുന്ന ഒരു നാട്ടില്‍ എങ്ങനെയാണ് നീതിപൂര്‍വകമായി തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുക? തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്നതും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതും സാങ്കേതികമായ നടപടി ക്രമങ്ങളിലൂടെ മാത്രം പൂര്‍ത്തിയാക്കാനാ കൂവെന്നാണ് സങ്കല്‍പ്പം. എന്നാല്‍ ഇത്തരം നടപടി ക്രമങ്ങള്‍ കാറ്റില്‍ പറത്തി കള്ളവോട്ട് പെരുകും വിധം വോട്ടര്‍ പട്ടികയില്‍ ഉപജാപം ചെയ്യുകയും കള്ളവോട്ടിനുള്ള എല്ലാ സാധ്യതകളും ഒരുക്കുകയും ചെയ്യുമ്പോള്‍ തോല്‍പ്പിക്കപ്പെടുന്നത് ജനാധിപത്യമാണ്.
വോട്ടര്‍ പട്ടിക തയാറാക്കാന്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ അത് പിശകില്ലാതെ പൂര്‍ത്തിയാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ്. ഒരു വോട്ടറുടെ പേര് പട്ടികയില്‍ അഞ്ച് തവണ ആവര്‍ത്തിക്കപ്പെടുന്നതു പോലുള്ള പിശകുകള്‍ എത്ര മാത്രം ഉത്തരവാദിത്ത രഹിതമായാണ് പട്ടിക തയാറാക്കിയിരിക്കുന്നതെന്നതിന് ഉദാഹരണമാണ്. ഇത്തരം നീതികേടുകള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.
കള്ളവോട്ട് ഏറ്റവും കൂടുതല്‍ നടക്കുന്നത് വടക്കന്‍ ജില്ലകളിലാണ്. ഇവിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കാലങ്ങളായി തുടരുന്ന ഈ മാമൂലിന് കൂട്ടുനില്‍ക്കുന്നു. പ്രതികരിക്കാന്‍ ശ്രീകുമാറിനെ പോലെ ചങ്കൂറ്റം കാണിക്കുന്നവര്‍ വിരളമായതു കൊണ്ടാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഈ കൊടിയ അനീതി രാഷ്ട്രീയ പാര്‍ട്ടികള്‍ തുടരുന്നത്. എതിര്‍ക്കാന്‍ മുതിരുന്നവര്‍ക്ക് എന്തൊക്കെ കൊടിയ അനുഭവങ്ങളാണ് നേരിടേണ്ടി വരി കയെന്ന് തന്റെ പരാതിയില്‍ ശ്രീകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രബുദ്ധ കേരളത്തില്‍ നടക്കുന്ന ഈ ജനാധിപത്യ ധ്വസനം തടയപ്പെടാതിരി ക്കുന്നിടത്തോളം നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് അവഹേളിക്കപ്പെടുന്നത്.