കൊച്ചി: അമേരിക്കയിലേക്ക് ചെമ്മീൻ കയറ്റുമതിക്ക് രണ്ടു വർഷമായി തുടരുന്ന നിരോധനം മറികടക്കാൻ കടൽ സസ്തനികളുടെയും കടലാമകളുടെയും സംരക്ഷണത്തിന് കേന്ദ്ര സർക്കാർ ശ്രമം ഊർജ്ജിതമാക്കി. ഇതിന്റെ ഭാഗമായി കടൽ സസ്തനികൾ, കടലാമുകൾ എന്നിവയെപ്പറ്റി പഠിക്കാൻ 5.6 കോടി രൂപയുടെ ഗവേഷണ പദ്ധതിക്ക് കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സി.എം.എഫ.്ആർ.ഐ) തുടക്കമിട്ടു.
സമുദ്രോൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയുടെ (എം.പി.ഇ.ഡി.എ) സാമ്പത്തിക സഹായത്തോടെ ഇന്ത്യൻ സമുദ്രത്തിലെ 27 കടൽ സസ്തനികളുടെയും അഞ്ചിനം കടലാമകളുടെയും അവസ്ഥയാണ് പഠിക്കുക.
ചെമ്മീൻ പിടിക്കുമ്പോൾ കടലാമകളെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് യു.എസ് അംഗീകാരപത്രം നൽകുന്നതുവരെ ചെമ്മീൻ ഇറക്കുമതി ചെയ്യേണ്ടെന്നാണ് അമേരിക്കയുടെ നിലപാട്. ഇതുമൂലം 2018 മുതൽ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി അമേരിക്ക നിരോധിച്ചിരിക്കുകയാണ്. പ്രമുഖ വിപണികളിലൊന്ന് നഷ്ടപ്പെട്ട് സമുദ്രോൽപ്പന്ന കയറ്റുമതി മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ചെമ്മീൻ പിടിക്കുന്നതിനിടെ കടൽസസ്തനികൾക്കുണ്ടാകുന്ന നാശം കണക്കാക്കി നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് യു.എസ് ആവശ്യപ്പെടുന്നത്. മത്സ്യബന്ധനം നടത്തുമ്പോൾ കടൽ സസ്തനികളെ മന:പൂർവം കൊല്ലുന്നത് അനുവദിക്കരുതെന്ന് യു.എസ് ആവശ്യപ്പെടുന്നു. 2022 tനകം ഇത് നടപ്പിലാക്കണം.
സമുദ്രോൽപ്പന്നങ്ങളുടെ കയറ്റുമതി പ്രതിസന്ധി പരിഹരിക്കുന്ന നിർദ്ദേശങ്ങൾ പഠനത്തിലൂടെ ലഭ്യമാക്കുമെന്ന് ഓൺലൈൻ ശിൽപശാല ഉദ്ഘാടനം ചെയ്ത ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ജെ.കെ ജെന പറഞ്ഞു.
യു.എസിലെ നാഷണൽ ഓഷ്യാനിക് ആൻറ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്റെ സാങ്കേതിക സഹകരണത്തോടെയാണ് ഗവേഷണ പദ്ധതിയെന്ന് എം.പി.ഇ.ഡി.എ ചെയർമാൻ കെ.എസ് ശ്രീനിവാസ് പറഞ്ഞു.
കേന്ദ്രവന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂൾ ഒന്നിലാണ് കടൽ സസ്തനികളും കടലാമകളും. പലവിധേനയുള്ള മനുഷ്യ ഇടപെടൽ കാരണം ഇവയുടെ ജീവന് ഭീഷണിയാകുന്നു. വംശസംഖ്യയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭ്യമല്ലാത്തത് കടൽസസ്തനികളുടെയും കടലാമകളുടെയും സംരക്ഷണത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെന്ന് സിഎംഫ്ആർഐ നിരവധി പഠനങ്ങൾ നടത്തിയിട്ടുണ്ടെന്നും സി.എം.എഫ്.ആർ.ഐ ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.
