
ചാവറ കൾച്ചറൽ സെന്റിൽ നടന്ന കാർട്ടൂൺ കളരിയുടെ സമാപന സമ്മേളനത്തിനെത്തിയ മന്ത്രി പി.രാജീവിനെ മന്ത്രിയുടെ കാരിക്കേച്ചറുകളുമായി കുട്ടികൾ സ്വീകരിച്ചപ്പോൾ
കൊച്ചി: മന്ത്രി ഉടൻ എത്തും എന്ന് കേട്ടതോടെ കുട്ടികൾ പുതിയ പേപ്പർ എടുത്തു. ടു മിനിറ്റ് നൂഡിൽസ് എന്നു പറയും പോലെ അഞ്ചു മിനിറ്റ് കൊണ്ട് മന്ത്രിയുടെ കാരിക്കേച്ചറുകൾ പിറന്നു.മന്ത്രി പി.രാജീവിനെ കാരിക്കേച്ചറുകളുമായാണ് കുട്ടികൾ കളരിയിലേക്ക് സ്വാഗതം ചെയ്തത്.കേരള കാർട്ടൂൺ അക്കാദമിയുടെ ദേശീയ കാർട്ടൂൺ മേളയുടെ ഭാഗമായി ചാവറ കൾച്ചറൽ സെന്ററിൽ നടന്ന കാർട്ടൂൺ കളരിയിലായിരുന്നു വരകൾ കൊണ്ടുള്ള വരവേൽപ്പ്.
‘‘വരച്ച് വളർന്നാൽ മിടുക്കരാകാം.എല്ലാവരും ഒരേ വഴിയിൽ പോയിട്ട് കാര്യമില്ല.സർഗാത്മകവാസനകളെ മിനുക്കിയെടുക്കണം.നാം പറയുന്നതു പോലെ വരയ്ക്കുന്ന എ ഐ ടൂളുകളുടെ കാലമാണിപ്പോൾ.എന്നാൽ അതിൽ എത്ര സർഗാത്മകത വരുമെന്ന് അറിയില്ല.എന്തൊക്കെ കടന്നു വന്നാലും മനുഷ്യന്റെ സർഗാത്മകത ഇല്ലാതാകില്ല.പുതിയ സാധ്യതകൾ തേടി വിജയിക്കും’’ മന്ത്രി പി.രാജീവ് പറഞ്ഞു.
ചാവറ കള്ച്ചറല് സെന്റര് ഡയറക്ടര് ഫാ.അനില് ഫിലിപ്പ് സി.എം.ഐ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.കേരള ലളിതകല അക്കാദമി ചെയർപേഴ്സൺ മുരളി ചീരോത്ത്,കാരിട്ടൂണ് ഡയറക്ടര് രതീഷ് രവി,കേരള കാര്ട്ടൂണ് അക്കാദമി ചെയര്മാന് സുധീര്നാഥ്,സെക്രട്ടറി എ. സതീഷ്,വൈസ് ചെയർമാനും ക്യാമ്പ് ഡയറക്ടറുമായ സജ്ജീവ് ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.പ്രസന്നൻ ആനിക്കാട്,വിനു.എസ്,അനൂപ് രാധാകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു.
കേരള ലളിതകലാ അക്കാദമിയുടെയും ചാവറ കൾച്ചറൽ സെന്ററിന്റെയും സഹകരണത്തോടെ നടന്ന അഞ്ചു ദിവസത്തെ ദേശീയ കാർട്ടൂൺ മേള ഞായറാഴ്ച സമാപിച്ചു.