ദുബായ് : ഗ്ലോബൽ വില്ലേജിൽ ദീപാവലി ആഘോഷങ്ങൾ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടിതോരണങ്ങളും ചാർത്തി ഞായറാഴ്ച വരെ ആഘോഷങ്ങൾ തുടരും. മെയിൻ സ്റ്റേജിൽ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും ഇന്ത്യൻ പവിലിയനിൽ ദിവസവും സാംസ്കാരിക പരിപാടികളും നടക്കും. വെള്ളി, ശനി ദിവസങ്ങളിൽ രാത്രി 9ന് വെടിക്കെട്ട് നടക്കും.
പ്രധാന പാർക്കിൽ ഈ ദിവസങ്ങളിൽ തൽസമയ രംഗോലി നടക്കും. വലിയ പ്രതലത്തിൽ രംഗോലി ഒരുക്കുന്നത് നേരിൽ കാണാം. ഫെസ്റ്റിവൽ ഓഫ് ലൈറ്റ് മാർക്കറ്റിൽ നിന്ന് ദീപാവലി ഉൽപന്നങ്ങൾ വാങ്ങാം. മൺ ചിരാത്, ദീപാവലി അലങ്കാരങ്ങൾ, ഇന്ത്യൻ ആഭരണങ്ങൾ, മധുര പലഹാരങ്ങൾ, എംബ്രോയിഡറിയോടു കൂടിയ ലെഹങ്ക എന്നിവ ഇവിടെ നിന്നു വാങ്ങാം. പാനി പൂരി, പാവ് ബജി, മസാല ദോശ ഉൾപ്പെടെ ഇന്ത്യൻ വിഭവങ്ങളുടെ വിപുലമായ ശേഖരവും ഒരുക്കിയിട്ടുണ്ട്.











