ദോഹ ∙ ഖത്തറിൽ തിങ്കളാഴ്ച പുലർച്ചെ വിവിധ ഭാഗങ്ങളിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിനൊപ്പം പൊടിപടലങ്ങൾ വീശിയടിച്ചു. ഖത്തർ കാലാവസ്ഥ വകുപ്പ് ഇതിനു മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ദൃശ്യപരിധി കുറയാനിടയുണ്ടെന്നു നേരത്തെ സൂചിപ്പിച്ചിരുന്നതുമാണ്.
അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയർന്നതിന്റെ ഫലമായി, ചില ഭാഗങ്ങളിൽ ദൃശ്യമാനത 3 കിലോമീറ്ററിൽ താഴെ എത്തിയതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച വൈകിട്ട് പുറത്തിറക്കിയ ഉപഗ്രഹചിത്രങ്ങളിൽ വടക്കൻ അറേബ്യൻ ഉപദ്വീപിൽ നിന്നുള്ള പൊടിപടലങ്ങൾ ഖത്തർ മേഖലയിലേക്ക് നീങ്ങുന്നതായി കാണുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
വാഹനമോടിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന്, ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക സ്പോൺസർ ചെയ്ത എക്‌സ്‌പോസ്റ്റ് മുഖേന അറിയിച്ചിട്ടുണ്ട്.
പൊടിപടലങ്ങളിൽ നിന്നും സംരക്ഷിക്കാനുള്ള നിർദേശങ്ങൾ:
- പൊടിപടലങ്ങൾ നേരിട്ട് ഏറ്റുവാങ്ങുന്നത് ഒഴിവാക്കുക
- മുഖം, വായ്, മൂക്ക് എന്നിവ ശുദ്ധജലം ഉപയോഗിച്ച് തുടർച്ചയായി കഴുകുക
- പുറത്ത് പോകുമ്പോൾ കണ്ണട ധരിക്കുക
- മാസ്ക് ധരിക്കുക
- കരട് വീണാൽ കൈ കൊണ്ട് തിരുമ്മുന്നത് ഒഴിവാക്കുക, ഉടൻ തന്നെ വെള്ളം കൊണ്ട് കഴുകുക
- വീടുകളുടെയും ഓഫീസുകളുടെയും ജനലുകളും വാതിലുകളും അടച്ചിടുക
- അനാവശ്യമായ യാത്രകൾ ഒഴിവാക്കുക
- പ്രായം കൂടിയവരും ആസ്തമ പോലുള്ള ശ്വാസകോശ പ്രശ്‌നമുള്ളവരും പുറത്ത് ഇറങ്ങുന്നത് പരമാവധി ഒഴിവാക്കുക