ദോഹ : ഖത്തറിൽ ചൂട് പുകയുന്നു. ഈ വർഷത്തെ വേനലിലെ ഏറ്റവും ദൈർഘ്യമേറിയ പകലും ഏറ്റവും ഹ്രസ്വമായ രാത്രിയും ജൂൺ 21ന് സംഭവിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസ് അറിയിച്ചു. വടക്കൻ അർധഗോളത്തിൽ ഉത്തരായനാന്തം സംഭവിക്കുന്ന ഈ ദിവസം തന്നെ തെക്കൻ അർധഗോളത്തിൽ ദക്ഷിണായനാന്തം കൂടിയാകുന്നതാണ് ഇതിന്റെ കാരണം.
ജ്യോതിശാസ്ത്രപരമായി ഏറെ പ്രധാനപ്പെട്ട ദിനമായ ഉത്തരായനാന്തത്തിന് ശേഷം സൂര്യൻ വീണ്ടും തെക്കോട്ട് സഞ്ചരിക്കാൻ തുടങ്ങുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ജ്യോതിശാസ്ത്രജ്ഞനായ ഡോ. ബഷീർ മർസൂഖ് വ്യക്തമാക്കി. ഇത് വടക്കൻ അർധഗോളത്ത് പകൽ കൂടാനും രാത്രിക്ക് ദൈർഘ്യം കുറയാനും കാരണമാകുന്നു. അതേസമയം, തെക്കൻ അർധഗോളത്തിൽ പകൽ കുറയും രാത്രിയ്ക്ക് ദൈർഘ്യം കൂടുതലായിരിക്കും.
പകൽ-രാത്രി ദൈർഘ്യത്തിന് മാറ്റം സംഭവിക്കുന്ന ഈ ഘട്ടങ്ങൾ കാലാവസ്ഥാ വ്യതിയാനങ്ങളെ നിർണയിക്കുന്നതിൽ നിർണായകമാണ്. ഈ വർഷം സെപ്റ്റംബർ 22ന് പകലിന്റെയും രാത്രിയുടെയും ദൈർഘ്യം ഒരുപോലെയാകുമെന്നാണ് പ്രവചനം.