Web Desk
കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് ഹജ്ജ് കര്‍മ്മത്തില്‍ നിന്ത്രണം ഏര്‍പ്പെടുത്തി സൗദി അറേബ്യ. ഇത്തവണ സൗദിക്ക് പുറത്തുനിന്ന് എത്തുന്നവര്‍ക്ക് ഹജ്ജ് നിര്‍വ്വഹിക്കാനാകില്ലെന്ന് സൗദി ഹജ്ജ് മന്ത്രാലയം വ്യക്തമാക്കി. അതേസമയം സൗദി അറേബ്യയിലുള്ള പൗരന്മാര്‍ക്കും വിദേശികള്‍ക്കും ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുക്കാം. ഇവരെ ആഭ്യന്തര തീര്‍ത്ഥാടകരായാണ് പരിഗണിക്കുക. എന്നാല്‍ ഇവരുടെ എണ്ണവും ഗണ്യമായി വെട്ടിച്ചുരുക്കും. ഹജ്ജ് നിര്‍വ്വഹിക്കാന്‍ അനുവാദമുള്ള ആഭ്യന്തര തീര്‍ത്ഥാടകരുടെ എണ്ണം എത്രയെന്ന് വരും ദിവസങ്ങളില്‍ ഹജ്ജ് മന്ത്രാലയം അറിയിക്കും. കോവിഡ് സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍. സാമൂഹിക അകലം പാലിച്ചുകൊണ്ടായിരിക്കും തീര്‍ത്ഥാടനം അനുവദിക്കുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.
സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് സൗദി അറേബ്യ ഹജ്ജ് കര്‍മ്മത്തില്‍ ഇത്ര വലിയ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം മാത്രമായി 25 ലക്ഷം തീര്‍ത്ഥാടകരാണ് ഹജ്ജ് കര്‍മ്മത്തില്‍ പങ്കെടുത്തത്. ഇതില്‍ 18 ലക്ഷത്തോളം പേര്‍ സൗദിക്ക് പുറത്തുനിന്നുള്ളവരും.
ലോക ജനതയുടെ ആരോഗ്യ-സുരക്ഷാ അവകാശങ്ങളിലാണ് സൗദി അറേബ്യ വിശ്വസിക്കുന്നതെന്ന് തീരുമാനത്തെ സ്വാഗതം ചെയ്തുകൊണ്ട് സൗദി മനുഷ്യാവകാശ കമ്മീഷന്‍ അഭിപ്രായപ്പെട്ടു. തീര്‍ത്ഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിലൂടെ രാജ്യത്തിന്‍റെ മാത്രമല്ല, ലോകമെമ്പാടുമുള്ള തീര്‍ത്ഥാടകരുടെയും വിശ്വാസികളുടെയും സംരക്ഷണമാണ് ഉറപ്പുവരുത്തുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.