ദോഹ : ഖത്തറിൽ ഇനിയുള്ള ദിനങ്ങളിൽ താപനില ഉയരും. ഇടിമിന്നലും പൊടിക്കാറ്റും ശക്തമാകും. 13 ദിവസത്തോളം സമാന കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. അൽ മുഖ്ദാം (അൽ ഹമീം അൽതാനി ) നക്ഷത്രത്തിന്റെ വരവ് അറിയിക്കുന്ന കാലമാണിതെന്ന് അധികൃതർ വിശദമാക്കി. താപനില ഗണ്യമായി ഉയരുകയും വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും ചെയ്യുന്നതാണ് ഈ കാലത്തിന്റെ പ്രത്യേകത. ഇടിമിന്നലും കനത്ത പൊടിക്കാറ്റ് ഉണ്ടാകുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
അലസരായത്ത് കാലത്താണ് അൽ മുഖ്ദാം നക്ഷത്രത്തിന്റെ സാന്നിധ്യമുണ്ടാകുന്നത്. പെട്ടെന്നുള്ള കാലാവസ്ഥാ മാറ്റം സംഭവിക്കുന്ന പ്രാദേശികമായി അൽ സരായത് എന്നറിയപ്പെടുന്ന കാലത്തിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഇടിമിന്നലോടു കൂടിയ മഴയും പൊടിക്കാറ്റുമാണ് അൽ സരായത്തിന്റെ പ്രത്യേകത. വൈകുന്നേരം തുടങ്ങി രാത്രിയിലുടനീളമാകും ഇടിമിന്നലും പൊടിക്കാറ്റും. മേയ് പകുതി വരെ അൽ സരായത് കാലമാണ്.
ഏപ്രിൽ മാസത്തെ ശരാശരി പ്രതിദിന താപനില 26.6 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. രാജ്യത്തിന്റെ ചരിത്രത്തിൽ ഏപ്രിൽ മാസങ്ങളിൽ വെച്ചേറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് 1967ൽ ആണ്-10.5 ഡിഗ്രി സെൽഷ്യസ്. കൂടിയ താപനില 1973 ൽ -46 ഡിഗ്രി സെൽഷ്യസ്.
