ദോഹ: റഷ്യൻ ആക്രമണത്തിനിടെ ഒറ്റപ്പെട്ട തങ്ങളുടെ കുട്ടികളെ സുരക്ഷിതമായ കുടുംബങ്ങളിലെത്തിക്കാൻ ഇടപെടൽ നടത്തിയ ഖത്തറിന് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി. ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിനിടെ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുമായി നടത്തിയ കൂടിക്കാഴ്ചക്കിടെയാണ് സെലൻസ്കി നന്ദി അറിയിച്ചത്. 2022 ഫെബ്രുവരിയിൽ റഷ്യ ആരംഭിച്ച യുദ്ധത്തിനിടെ ആയിരത്തോളം യുക്രെയ്ൻ കുട്ടികളാണ് കുടുംബങ്ങളിൽ നിന്നും ഒറ്റപ്പെട്ട് റഷ്യൻ അതിർത്തികളിൽ കുടുങ്ങിയത്. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിൽ നിരവധിപേരുടെ മോചനം സാധ്യമായിരുന്നു. ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ നോയൽ ബാരറ്റ്, ലിബിയൻ സർക്കാർ മേധാവി അബ്ദുൽ ഹമീദ് മുഹമ്മദ് അൽ ദീബ, ഇറാഖ് കുർദിസ്താൻ പ്രധാനമന്ത്രി മർസൂർ ബർസാനി എന്നിവരും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
