കോവിഡ്-19 വ്യാപനത്തിൽ ഏറ്റവും നിർണായക ഘട്ടമാണ് ഇപ്പോൾ നേരിടുന്നതെന്നും നാം നല്ല തോതിൽ ആശങ്കപ്പെടേണ്ട ഒരു ഘട്ടമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നഗരങ്ങൾ കേന്ദ്രീകരിച്ച് മൾട്ടിപ്പിൾ ക്ളസ്റ്ററുകൾ രൂപം കൊള്ളാനും സൂപ്പർ സ്പ്രെഡിലേയ്ക്ക് നയിക്കാനുമുള്ള സാധ്യത ഏറുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിലെ വൻ നഗരങ്ങളിൽ പലതിലും ഈ സ്ഥിതിവിശേഷം സംഭവിക്കുകയും കാര്യങ്ങൾ നിയന്ത്രണാതീതമാവുകയും ചെയ്യുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്.
സംസ്ഥാനത്ത് പൂന്തുറയിൽ ആണ് ആദ്യത്തെ സൂപ്പർ സ്പ്രെഡിങ് ഉണ്ടായത്. ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ട് പ്രകാരം രോഗം പകരാനുള്ള സാധ്യത കോവിഡിന്റെ കാര്യത്തിൽ വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ആളുകൾ കൂട്ടം കൂടുന്നത് ഒരു കാരണവശാലും അനുവദിക്കാൻ കഴിയില്ല. വായു സഞ്ചാരമുള്ള മുറികളിൽ കഴിയുക എന്നത് വളരെ പ്രധാനമാണ്. ചില കടകളിൽ ആളുകൾ കയറിയതിനു ശേഷം ഷട്ടറുകൾ അടച്ചിടുന്ന കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതും അനുവദനീയമല്ല. വായു സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിൽ രോഗം വളരെ പെട്ടെന്ന് പടരും. പരിശോധനയുടെ തോത് ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനകം 12,592 സാമ്പിളുകൾ പരിശോധിച്ചു.
ഒരു മത്സ്യ മാർക്കറ്റിലുണ്ടായ രോഗവ്യാപനം തിരുവനന്തപുരം നഗരത്തെ മുഴുവൻ ലോക്ക്ഡൗണിലേക്കാണ് നയിച്ചത്. നഗരത്തിന്റെ വിവിധ മേഖലകളിലേയ്ക്ക് രോഗം എത്തിയിട്ടുണ്ട് എന്നാണ് ഇന്നത്തെ പരിശോധനാ ഫലം തെളിയിക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ ആര്യനാടും സമാനമായ സാഹചര്യമാണ്.











