തിരുവനന്തപുരം ജില്ലയിൽ കോവിഡ് 19 രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തങ്ങൾ ഊർജിതപ്പെടുത്തുന്നതിനായി ജില്ലാ കളക്ടർ ഡോ. നവജ്യോത് ഖോസയുടെ അധ്യക്ഷതയിൽ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം ചേർന്നു. ജില്ലയിൽ കോവിഡ് കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തങ്ങൾ ത്വരിത പെടുത്തുന്നതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 5,000 പരിശോധന കിറ്റുകളും 3,000 പി.പി.ഇ കിറ്റുകളും 500 ഫേസ് ഷീൽഡുകളും നാളെത്തന്നെ(01 ഓഗസ്റ്റ്) ജില്ലാ ഭരണകൂടത്തിന് കൈ മാറുമെന്ന് ചടങ്ങിൽ പങ്കെടുത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു.
തീരദേശ മേഖലകളിൽ മൊബൈൽ എ.ടി.എമുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും എ.ടി.എം കാർഡ് ഇല്ലാത്ത നല്ലൊരു വിഭാഗം ജനങ്ങൾ അവിടെ താമസിക്കുന്നുണ്ട്. ഇവർക്കായി ഈ മേഖലകളിൽ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ബാങ്കുകൾ പ്രവർത്തിപ്പിക്കാൻ നിർദ്ദേശം നൽകുമെന്ന് കളക്ടർ പറഞ്ഞു. ജില്ലയിൽ വരും ദിവസങ്ങളിൽ മഴ കനക്കാനുള്ള സാഹചര്യം കണക്കിലെടുത്ത് ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കി വരുന്നു. നിലവിൽ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം 2,000 പേരെ പാർപ്പിക്കാനുള്ള സൗകര്യങ്ങൾ സജ്ജമാണെന്നും കളക്ടർ പറഞ്ഞു.
യോഗത്തിൽ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ അനു. എസ്. നായർ, ഡി.സി.പി ദിവ്യ ഗോപിനാഥ് ,ജില്ലാ മെഡിക്കൽ ഓഫിസർ ഷിനു കെ.എസ് , തിരുവന്തപുരം റൂറൽ ഡി.പി.സി ബി.അശോകൻ ,
തിരുവനന്തപുരം റൂറൽ അഡിഷണൽ എസ്.പി ഇ.എസ് ബിജുമോൻ, ജില്ലാ ഫയർ ഓഫീസർ എം.എസ് സുവി , ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാലചന്ദ്രൻ പി.കെ എന്നിവർ പങ്കെടുത്തു.