സുധീര്‍നാഥ്
മലയാള സാഹിത്യത്തിലെ അപൂര്‍വ്വ പുസ്തക ശേഖരമുള്ള ഗ്രസ്ഥശാലയാണ് ത്യക്കാക്കരയിലെ കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല. അവിടെ കേസരിയുടേയും, വള്ളത്തോളിന്‍റേയും, ജി ശങ്കരകുറുപ്പിന്‍റേയും, ഡോ എം ലീലാവതിയുടേയും, ഡോ തോമസ് മാത്യുവിന്‍റേയും ക്കൈയ്യൊപ്പ് പതിഞ്ഞ പുസ്തകങ്ങളുണ്ട്. ഇപ്പോള്‍ ലഭ്യമല്ലെന്ന് പറയപ്പെടുന്ന പല പുസ്തകങ്ങളും അവിടെ ലഭ്യമാണ്. ത്യക്കാക്കരയിലെ അക്ഷര പ്രേമികളുടെ കേന്ദ്രമായ ഇവിടത്തിന്‍റെ ചരിത്രം പ്രത്യേകമായി അടയാളപ്പെടുത്തി വെയ്ക്കേണ്ടത് അവിടുന്ന് വളര്‍ന്ന ലേഖകന്‍റെ ബാധ്യത തന്നെയാണ്. ത്യക്കാക്കരയുടെ കലാ, കായിക, സാംസ്കാരിക കേന്ദ്രമായിരുന്നു അവിടം. ഒരു കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍ എന്നീ നിലകളിലുള്ള വര്‍ച്ചയ്ക്ക് ഇവിടം നല്‍കിയ സംഭാവന വിലമതിക്കാന്‍ സാധിക്കാത്തതാണ്.
തൃക്കാക്കരയില്‍ ഒരു ഗ്രന്ഥശാല സ്ഥാപിച്ചു പ്രവര്‍ത്തിക്കണമെന്ന ഉദ്ദേശ്യത്തോടെ 1974 ഒക്ടോബര്‍ മാസം 20-ാം തീയതി രാവിലെ തൃക്കാക്കരയിലും പരിസരത്തുമുള്ള ഏതാനും സഹൃദയര്‍ വി.ആര്‍. നീലകണ്ഠന്‍റെ അദ്ധ്യക്ഷതയില്‍ തൃക്കാക്കര ക്ഷേത്ര മൈതാനിയില്‍ യോഗം ചേര്‍ന്നു. ڇസഹൃദയ ഗ്രന്ഥശാലڈ എന്ന പേരില്‍ തൃക്കാക്കരയില്‍ ഒരു ഗ്രന്ഥശാല ആരംഭിക്കണമെന്ന് കെ. ജനാര്‍ദ്ദനന്‍ നായര്‍ അവതരിപ്പിക്കുകയും, സി.എ. ഉണ്ണിക്കൃഷ്ണന്‍ പിന്താങ്ങുകയും ചെയ്ത പ്രമേയം ഐകകണ്ഠ്യേന അംഗീകരിച്ച് പാസാക്കി. അങ്ങനെ ഗ്രന്ഥശാല ആരംഭിക്കുന്നതിനായി തൃക്കാക്കര ക്ഷേത്രത്തിന്‍റെ തെക്കു പടിഞ്ഞാറു ഭാഗത്ത് റോഡരുകില്‍ കളമശ്ശേരി പഞ്ചായത്ത് അതിര്‍ത്തിയിലുള്ള കടയുടെ ഒഴിഞ്ഞ മുറി വാടക കൂടാതെ രണ്ട് മാസത്തേയ്ക്ക് നല്‍കാമെന്ന് എ.എസ്. കുമാരന്‍ മൂത്തതു സമ്മതിച്ചു. 1974 നവംബര്‍ 3-ാം തീയതി രാവിലെ വി.എം. ഉണ്ണിക്കൃഷ്ണന്‍ ഭദ്രദീപം കൊളുത്തി വായനശാല പ്രവര്‍ത്തനം ആരംഭിച്ചു. ലൈബ്രേറിയനായിരുന്നത് സി.എ. ഉണ്ണിക്കൃഷ്ണനും, അസിസ്റ്റന്‍റ് ലൈബ്രേറിയനായിരുന്നത് എ.എസ്. കുമാരന്‍ മൂത്തതുമായിരുന്നു.
കൂടുതല്‍ അംഗങ്ങളെ ചേര്‍ത്ത് 1974 ഡിസംബര്‍ 17-ാം തീയതി വിപുലമായൊരു യോഗം വൈകുന്നേരം കൊച്ചി സര്‍വ്വകലാശാല ഹിന്ദി ഓഡിറ്റോറിയത്തില്‍ വച്ച് ഡോ. സി.പി. മേനോന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് നന്ദനത്തിലെ ഡോ. കെ. ഗോപാലകൃഷ്ണന്‍ നായര്‍, പ്രസിഡന്‍റായി പതിനഞ്ചംഗ ഭരണസമിതിയെ തെരഞ്ഞെടുത്തു. വായനശാലയുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി എത്തിയത്. കുറെയേറെക്കാലം അദ്ദേഹമായിരുന്നു പ്രസിഡന്‍റ്. എ.എസ്. കുമാരന്‍ മൂത്തത് അനുവദിച്ച കാലാവധി അവസാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 1975 ജനുവരി 17-ാം തീയതി മുതല്‍ പ്രതിമാസം 25 രൂപ വാടകയ്ക്ക് റോഡിന്‍റെ എതിര്‍വശത്ത് തൃക്കാക്കര പഞ്ചായത്ത് അതിര്‍ത്തിയിലുള്ള ത്യക്കാക്കര ക്ഷേത്രത്തന് സമീപത്തെ നീലകണ്‍ഠന്‍ നായരുടെ ചായക്കടയോട് ചേര്‍ന്ന കടമുറിയില്‍ ഗ്രന്ഥശാല മാറ്റി. വാടകയ്ക്കു വേണ്ട തുക ഭാരവാഹികള്‍ പ്രതിമാസം സംഭാവനയായി നല്‍കുവാന്‍ തീരുമാനിച്ചു.
ത്യക്കാക്കരയിലെ ഒരുകൂട്ടം ചെറുപ്പക്കാരായിരുന്നു വായനശാലയുടെ പ്രവര്‍ത്തനത്തിന് പിന്നില്‍. വാടക കൂടി കണ്ടെത്തേണ്ടി വന്നപ്പോള്‍ വായനശാല പ്രവര്‍ത്തനം പ്രതിസന്ധിയിലായി. അപ്പോഴാണ് രക്ഷകനായി പ്രസിഡന്‍റ് ഡോ. ഗോപാലകൃഷ്ണന്‍, വി.എം. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവരുടെ നേത്യത്ത്വത്തില്‍ നടത്തിയ പ്രവര്‍ത്തനം വിജയം കണ്ടു. ഗ്രന്ഥശാലയെ കേരള ഗ്രന്ഥശാലാസംഘത്തില്‍ അഫിലിയേറ്റു ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായ ഗ്രന്ഥങ്ങളും, ഫര്‍ണീച്ചറും, പത്രമാസികകളും ദ്രുതഗതിയില്‍ സംഘടിപ്പിച്ചു. 1975 ഒക്ടോബര്‍ 26-ാം തീയതി കേരള ഗ്രന്ഥശാലാസംഘം 4259-ാം നമ്പരായി സഹ്യദയ ഗ്രസ്ഥശാലയെ അഫിലിയേറ്റു ചെയ്ത് അംഗീകരിച്ചു.
എച്ച്എംടി ജീവനക്കാരനായിരുന്ന ലക്ഷ്മണന്‍റെ നേത്യത്ത്വത്തില്‍ സഹ്യദയ ഗ്രസ്ഥശാല കേന്ദ്രീകരിച്ച് കായിക രംഗത്ത് ഉണ്ടാക്കിയ വളര്‍ച്ച വിലമതിക്കാന്‍ സാധിക്കാത്തതാണ്. സഹ്യദയ ഗ്രസ്ഥശാല ത്യക്കാക്കരയുടെ കായികരംഗത്ത് വലിയ മാറ്റം ഉണ്ടാക്കി. എറണാകുളത്തെ ശക്തമായ ഫുഡ്ബോള്‍, വോളി ബോള്‍, ബോള്‍ ബാറ്റ്മെന്‍റിന്‍ ടീം സഹ്യദയയുടേതായിരുന്നു. ത്യക്കാക്കരയിലെ ഒട്ടേറെ പേര്‍ക്ക് കായിക രംഗത്തുള്ള മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രം പലയിടത്തും ജോലി ലഭിച്ചു. (ത്യക്കാക്കരയുടെ കായിക രംഗം എന്ന ഭാഗത്ത് കൂടുതല്‍ വിവരങ്ങള്‍ വായിക്കാം.)
വായനശാലയുടെ പ്രവര്‍ത്തനത്തില്‍ തുടക്കം മുതല്‍ സജീവമായി ഉണ്ടായിരുന്നത് ജനാര്‍ദനന്‍ മാഷ് ആയിരുന്നു. ചേലപ്പുറത്ത് മുരളി ഏറെക്കൊല്ലം ലൈബ്രറേറിയന്‍ ആയിരുന്നു. ഡോക്ടര്‍ എം ലീലാവതിയും അവരുടെ ഭര്‍ത്തവും കൊച്ചി സര്‍വ്വകലാശാലയിലെ അദ്ധ്യാപകനുമായ സി പുരുഷോത്തമന്‍ മേനോനും അവരുടെ എത്രയോ പുസ്തകങ്ങള്‍ വായനശാലയ്ക്ക് സംഭാവന ചെയ്തു. സുരേന്ദ്രന്‍, ഉണ്ണിക്യഷ്ണന്‍, സുകുമാരന്‍, ബാലക്യഷ്ണന്‍, ക്യഷ്ണന്‍കുട്ടി, ഹരിഹരന്‍, വിശ്വനാഥന്‍, ടി. ജി. രവീന്ദ്രന്‍, ടി. ജി. രാധാകൃഷ്ണന്‍, ബാലചന്ദ്രന്‍, ചിത്രാങ്കതന്‍, സോമസുന്ദരം, കുമാരന്‍, പങ്കജാക്ഷന്‍, വിശ്വനാഥന്‍ (പ്രതിഭ), തോമസ് പുന്നന്‍, ബിജു പത്മനാഭന്‍ തുടങ്ങി എത്രയോ പേര്‍ വായനശാലയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ക്കൈയ്യെഴുത്ത് മാസിക പ്രസിദ്ധീകരിച്ച് സാഹിത്യ രംഗത്തും കലാ രംഗത്തും വളര്‍ന്നു. സഹ്യദയ വായനശാലയുടെ നാടക മത്സരങ്ങള്‍ വലിയ ജനക്കൂട്ടത്തെ ആകര്‍ഷിച്ചു. മുരളിയായിരുന്നു കുറേകാലം വായനശാലയുമായി ബന്ധപ്പെട്ട ചിത്രപണികള്‍ ചെയ്തത്. അതിന് മുന്‍പ് വാമന ദാസന്‍ എന്ന വ്യക്തിയായിരുന്നു വായനശാലയുടെ ചിത്രകാരന്‍.
ഇതിന് വളരെ മുന്‍പ് തന്നെ ത്യക്കാക്കരയില്‍ പ്രൊഫ. ജോസഫ് മുണ്ടശ്ശരി പ്രസിഡന്‍റായും, പ്രൊഫ. കുറ്റിപ്പുഴ കൃഷ്ണപിള്ള വൈസ് പ്രസിഡന്‍റായും പ്രൊഫ. എ.പി. മത്തായി സെക്രട്ടറിയായും, മേലങ്ങത്തു നാരായണന്‍കുട്ടി, കെ. ജനാര്‍ദ്ദനന്‍ നായര്‍ എന്നിവര്‍ ജോയിന്‍റ് സെക്രട്ടറിമാരായും എം.ബി. നായര്‍ ഖജാന്‍ജിയായും കേസരി സ്മാരക സമിതി എന്നൊരു പ്രസ്ഥാനം 1964 മുതല്‍ തൃക്കാക്കരയില്‍ പ്രവര്‍ത്തിച്ചിരുന്നു. എം.ബി. നായര്‍ വിട്ടു കൊടുത്ത പത്തു സെന്‍റ് സ്ഥലത്ത് 1964 ഡിസംബര്‍ 28-ാം തീയതി അന്ന് ആന്ധ്രാപ്രദേശ് ഗവര്‍ണറായിരുന്ന പട്ടം എ. താണുപിള്ള കേസരി സ്മാരകത്തിനു ശിലാസ്ഥാപനം നടത്തി. കേസരിയുടെ ഭാര്യ മാടവനപ്പറമ്പില്‍ ഗൗരിഅമ്മയുടെ സഹോദരി ഭാരതിയമ്മയുടെ ഭര്‍ത്താവായ എം ബി നായരായിരുന്നു അതിന് നേത്യത്ത്വം നല്‍കിയത്. ഇതിന് പിന്നില്‍ വലിയ പിന്തുണയുമായി കളമശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന ബീരാന്‍കുട്ടി ഉണ്ടായിരുന്നു. കേസരി മന്ദിരം എന്ന ഒറ്റ ഹാള്‍ മാത്രമുള്ള കെട്ടിടവും, കേസരി ബാലകൃഷ്ണപിള്ള എഴുതിയ ഏതാനും പുസ്തകങ്ങളുടെ കയ്യെഴുത്ത് പ്രതിയും, അദ്ദേഹം ഉപയോഗിച്ചിരുന്ന ഏതാനും പുസ്തകങ്ങളും കൂടി കേസരി ഗവേഷക ഗ്രന്ഥശാല എന്ന പേരില്‍ കുറേക്കാലം പ്രവര്‍ത്തിച്ചു. എം.ബി. നായരുടെ മേല്‍നോട്ടത്തില്‍ കളമശ്ശേരി പഞ്ചായത്തു വക അംഗന്‍വാടി അവിടെ കുറച്ച് നാള്‍ നടത്തിയിരുന്നു.
സഹ്യദയ വായനശാലയില്‍ സാഹിത്യ, കലാ, കായിയിക രംഗത്ത് സജീവമായത് വലിയ ജനപിന്തുണ ഉണ്ടാക്കി. പക്ഷെ കേസരി സ്മാരകത്തിന് സ്വന്തം കെട്ടിടമുണ്ടെങ്കിലും ആളുകള്‍ അവിടെ എത്തിയില്ല. ഈ സമയമാണ് രണ്ട് സ്ഥാപനങ്ങള്‍ ഒന്നിക്കണമെന്ന ചര്‍ച്ച വന്നത്. 1976 ജൂലൈ 15-ാം തീയതിയിലെ സഹ്യദയ ഗ്രസ്ഥശാലയുടെ പൊതുയോഗം അത് അംഗീകരിച്ചു. സഹ്യദയ എന്ന പേര് ഒഴിവാക്കാന്‍ സാധിക്കില്ല എന്ന് ചര്‍ച്ചയില്‍ ഉയര്‍ന്നു വന്നു. വ്യവസ്ഥ പ്രകാരം ഡോ. എന്‍.ഇ. വിശ്വനാഥയ്യര്‍ പ്രസിഡന്‍റായി പുനരുജ്ജീവിപ്പിച്ച കേസരി സ്മാരക സമിതിയും, സഹൃദയ ഗ്രന്ഥശാലയും തമ്മില്‍ ലയിച്ച്, കേസരി സ്മാരക സഹൃദയ ഗ്രന്ഥശാലയെന്ന പേരു സ്വീകരിച്ച്, പുതിയ നിയമാവലി പാസാക്കി. അങ്ങിനെ കൊച്ചിന്‍ യൂണിവേഴ്സിറ്റി ഗ്രൗണ്ടിന് സമീപമുള്ള കേസരി സ്മാരകത്തിലേയ്ക്ക് സഹ്യദയ വായനശാല ലയിച്ച് സ്വന്തം കെട്ടിടത്തിലേയ്ക്ക് മാറി. അങ്ങിനെ കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാലയായി. ഒട്ടേറെ പുസ്തകങ്ങള്‍ അവിടെ ഉണ്ടായിരുന്നു. അംഗങ്ങളുടെ എണ്ണം കൂടി.
ഇതിനിടയില്‍ കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാലയില്‍ വനിതാവേദി, ഫിലിംക്ലബ്ബ്, കലാ വിഭാഗം, സ്പോര്‍ട്ട്സ് വിഭാഗം, സാമൂഹ്യസേവാ വിഭാഗം, സാഹിത്യ ചര്‍ച്ചാ വിഭാഗം, അക്ഷരശ്ലോക വേദി, ഡിബേറ്റിങ്ങ് സൊസൈറ്റി, ബാലവേദി, തുടങ്ങിയവ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന് നേത്യത്ത്വം നല്‍കിയത് ഗ്രേസ് മാത്യു ആയിരുന്നു. പ്രശസ്ത സിനിമാ നിര്‍മ്മാതാവും വ്യവസായിയുമായ ജോയ് മാത്യുവിന്‍റെ ഭാര്യയാണ് അവര്‍. പട്ടം താണു പിള്ളയുടെ മരുമകള്‍ രമ നായര്‍, ശാരദാ പ്രസാദ് തുടങ്ങിയവരും സജീവമായിരുന്നു. വായനശാല കേന്ദ്രീകരിച്ച് ജാമും സ്ക്വാഷും മറ്റും ഉണ്ടാക്കുന്ന യൂണിറ്റ് തുടങ്ങി. അത് വലിയ വിജയമായി. കൊച്ചി സര്‍വ്വകലാശാല കാന്‍റിന്‍ ചുമതല വരെ വായനശാലയുടെ വനിതാ വിങ്ങിന് ലഭിച്ചു. കളമശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് ബീരാന്‍കുട്ടിയുടെ നിസീമമായ പിന്തുണ കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാലയുടെ വളര്‍ച്ചയ്ക്ക് ഉണ്ടായി.
കേസരി സ്മാരക സഹ്യദയ ഗ്രസ്ഥശാല കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ബാലവേദി പിന്നീട് യുറീക്ക ബാലവേദിയായി. ലേഖകനടക്കമുള്ള പ്രദേശത്തെ കുട്ടികള്‍ ബാലവേദിയിലൂടെയാണ് വായനശാലയുടെ ഭാഗമായത്. എല്ലാ ഞായറാഴ്ച്ചയും വായനശാല മുറ്റത്ത് കുട്ടികള്‍ കൂടും. നല്ല മുറ്റമുണ്ടായിരുന്നു. മരങ്ങളുണ്ടായിരുന്നു. വായന ഉണ്ടായിരുന്നു. കഥകളും, നോവലുകളും, ലേഖനങ്ങളുമായിരുന്നു എന്‍റെ പ്രിയ വായന. യാത്രാ അനുഭവങ്ങളും, ഡിക്റ്ററ്റീവ് നോവലുകളും അവിടെ നിന്ന് വായിച്ചിട്ടുണ്ട്. ടെലിവിഷന്‍ പ്രചാരത്തിലായപ്പോള്‍ വായനശാലയില്‍ ടെലിവിഷന്‍ വന്നു. അത് കാണുവാന്‍ ഒട്ടേറെ ആളുകള്‍ വന്നിരുന്ന കാഴ്ച്ച മറക്കുവാന്‍ സാധിക്കില്ല.
പുസ്തകം ബൈന്‍ഡ് ചെയ്യുന്ന യൂണിറ്റും വായനശാലയില്‍ ഉണ്ടായിരുന്നു. 1986 മുതല്‍ അവിടെ ആജീവനാന്ത അംഗമാണ്. അടുത്തിടെ വായനശാലയുടെ പ്രവര്‍ത്തനങ്ങള്‍ തിരക്കിയപ്പോള്‍ അറിഞ്ഞത്, പുസ്തകങ്ങള്‍ കൂടുതലുണ്ട്. പക്ഷെ വായന പഴയപോലില്ല. വായനശാലയുടെ മുറ്റത്ത് മാവും, പ്ലാവും മറ്റും ഉണ്ടായിരുന്നു. നല്ല മുറ്റമുണ്ടായിരുന്നു. പൈപ്പ് ലൈന്‍ വികസനം മരങ്ങളും മുറ്റവും നഷ്ടമാക്കി.
കേസരി വായനശാലയില്‍ പണ്ട് പഴയ വാരികകളും, മാസികകളും മറ്റും സൂക്ഷിച്ചിരുന്നു. മാത്യഭൂമി ആഴ്ച്ചപ്പതിപ്പിലെ വീക്ഷണവിശേഷം എന്ന കാര്‍ട്ടൂണ്‍ പംക്തി കൗതുകത്തോടെ കണ്ട് പഠിച്ചു. പഴയ കോപ്പികള്‍ മറിച്ച് നോക്കുവാന്‍ അവസരം കിട്ടി. മറ്റ് വാരികകളിലും മറ്റും വന്നിരുന്ന കാര്‍ട്ടൂണുകളും അവിടെ നിന്ന് കണ്ടു. പഴയ പതിപ്പുകളിലെ കാര്‍ട്ടൂണുകള്‍ കാണുവാനുള്ള അവസരം അവിടെ ഉണ്ടായിരുന്നു. അങ്ങനെ കുറച്ച് നാള്‍ ലൈബ്രറിയുടെ ലൈബ്രറേറിയനായും പ്രവര്‍ത്തിച്ചു.