
കൊച്ചി : കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്കു മികച്ച സംഭാവനകൾ നൽകിയ സംരംഭകരെ ആദരിക്കുന്നതിനായി ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (ഇൻമെക്) “സല്യൂട്ട് കേരള’ ബഹുമതികൾ പ്രഖ്യാപിച്ചു. ആജീവനാന്ത സംഭാവനയ്ക്കുള്ള “ലീഡർഷിപ് സല്യൂട്ട്’ ബഹുമതി ഗൾഫാർ പി. മുഹമ്മദ് അലിക്കാണ്.10 വ്യവസായികൾക്ക് “എക്സലൻസ് സല്യൂട്ട്’ ബഹുമതി നൽകും.

ജോർജ് ജേക്കബ് മുത്തൂറ്റ് (മുത്തുറ്റ് ഫിനാൻസ്), ഡോ. വിജു ജേക്കബ് (സിന്തെറ്റ് ഇൻഡ സ്ട്രീസ്), ഗോകുലം ഗോപാലൻ (ഗോകുലം ഗ്രൂപ്പ്), വി.കെ.മാത്യുസ് (ഐബിഎസ് സോഫ്റ്റ്‌വെയർ), കെ.വി.ടോളിൻ (ടോളിൻസ് ടയേഴ്സ്), കെ.മുരളീധരൻ (മുരള്യ – എസ്എഫ്സി ഗ്രൂപ്പ്), വി.കെ. റസാഖ് (വികെസി ഗ്രൂപ്പ്), ഷീല കൊച്ചൗസേപ്പ് (വി സ്റ്റാർ ക്രിയേഷൻസ്), പി.കെ.മായൻ മുഹമ്മദ് (വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ്), എ.വി.അനൂപ് (എവിഎ മെഡിമിക്സ് ഗ്രൂപ്പ്) എന്നിവരെയാണ് ആദരിക്കുന്നത്. 26 ന് 9.30 നു ഹോട്ടൽ താജ് വിവാന്തയിൽ നടക്കുന്ന ആദര സമർപ്പണം മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് ചെയർമാൻ ഡോ. എൻ.എം. ഷറഫുദ്ദീൻ, സെക്രട്ടറി ജനറൽ ഡോ.സുരേഷ്കുമാർ മധുസുദനൻ എന്നിവർ പറഞ്ഞു.