ഷാജിയുടെ സമ്പത്തില്‍ വലിയ വര്‍ധന ഉണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടുകിട്ടിയ പണത്തിന് മതിയായ തെളിവുകളില്ലെങ്കില്‍ ഷാജിക്ക് കുരുക്ക് മുറുകും
കണ്ണൂര്‍: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ 50 ലക്ഷം രൂപ കണ്ടെത്തി. ഷാജിയുടെ അഴീ ക്കോട്ടെ വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്. അനധികൃത പണം കണ്ടെത്തിയതോടെ ഷാജിയെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്. പണത്തിന് കൃത്യമായ സോഴ്‌സ് കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഷാജിയെ അറസ്റ്റ് ചെയ്യും. ഷാജിയുടെ വീടിന് മുന്നില്‍ പൊലീസ് സംഘം എത്തിയിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂര്‍ മണലിലെയും വീടുകളില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. കോഴിക്കോട് വിജിലന്‍സ് യൂണിറ്റാണ് കണ്ണൂരില്‍ റെയ്ഡ് നടത്തിയത്.
പുലര്‍ച്ചെ ഏഴ് മണിക്കാണ് പരിശോധന ആരംഭിച്ചത്. കോഴിക്കോട്ടെ വെള്ളിമാടുകുന്നിലെ വീട്ടിലും കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലും സമാന്തര മായാണ് പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്. ചില രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നാണ് വിവരം. വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടും പരിശോധന നടക്കുന്നുണ്ട്.
ഷാജിയുടെ സമ്പത്തില്‍ വലിയ വര്‍ധന ഉണ്ടായെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ടുകിട്ടിയ പണത്തിന് മതിയായ തെളിവുകളില്ലെങ്കില്‍ ഷാജിക്ക് കുരുക്ക് മുറുകും. 2011 മുതല്‍ 2020 വരെയുള്ള കണക്ക് പ്രകാരം ഷാജിക്ക് 88,57,000 രൂപ വരവുളളതായി വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. 32,19,000 രൂപ ഇക്കാലയളവില്‍ ഷാജി ചെലവാക്കിയിട്ടുണ്ട്. എന്നാല്‍ രണ്ട് കോടിയോളം രൂപ ഇക്കാലയളവില്‍ ഷാജി സമ്പാദിച്ചതായാണ് വിജിലന്‍സ് കണ്ടെത്തല്‍. സ്വത്ത് സമ്പാദത്തില്‍ വരവിനേക്കാള്‍ 166 ശതമാനത്തിന്റെ വര്‍ധനവാണ് ഷാജിക്ക് ഉണ്ടായിരിക്കുന്നതെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.











