കുവൈത്തിലെ ഫ്രൈഡേ മാര്‍ക്കറ്റിലും മറ്റുമായി നടന്ന സുരക്ഷാ പരിശോധനയിലാണ് പ്രവാസികളടക്കം നിരവധി പേര്‍ പിടിയിലായത്
കുവൈത്ത് സിറ്റി : നിയമലംഘകരെ പിടികൂടുന്നതിന് നടത്തിയ സംയുക്ത റെയ്ഡില്‍ നിരവധി പേര്‍ പിടിയിലായി.
വ്യാഴാഴ്ച രാത്രി തുടങ്ങിയ പരിശോധന പലയിടങ്ങളിലും ശനിയാഴ്ചയും തുടരുകയാണ്. അഹമദി ഗവര്‍ണറേറ്റിലെ സെക്യുരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അല്‍ വഫ്ര, മിന അബ്ദുള്ള എന്നിവടങ്ങളിലും പരിശോധന നടന്നു. മതിയായ രേഖകളില്ലാതെ താമസിച്ച 145 പേരെയും പിടികിട്ടാപ്പുള്ളികളായിരുന്ന 11 പേരെയും അറസ്റ്റു ചെയ്തു.
മദ്യപിച്ചും ലഹരിക്ക് അടിമയായ നിലയില്‍ ആറു പേരേയും പോലീസ് പിടികൂടി. ഇവരുടെ പക്കല്‍ നിന്ന് 60 ബോട്ടില്‍ അനധികൃത മദ്യം പിടികൂടി.
ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 166 പേരേയാണ് മതിയായ രേഖകളില്ലാതെ താമസിച്ചതിന് പിടികൂടിയത്.
താമസ വീസയില്ലാത്തവരാണ് പിടികൂടിയവരില്‍ ഏറേ പേരും. സ്റ്റാളുകളിലും മറ്റും ജോലി ചെയ്യുന്നവരുടെ രേഖകളും പരിശോധിച്ചു.
ലേബര്‍ ക്യാംപുകളിലും മറ്റ് ഉറങ്ങിക്കിടന്നവരെ നേരം പുലരുമ്പോള്‍ തന്നെ എഴുന്നേല്‍പ്പിച്ചാണ് രേഖകള്‍ പരിശോധിച്ചത്.
സുരക്ഷാ വിഭാഗം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഫറാജ് അല്‍ സൗബി ഫര്‍വാനിയ സെക്യുരിറ്റി ഡയറക്ടര്‍ ജന റല്‍ ബ്രിഗേഡിയര്‍ അബ്ദുള്ള സഫ എന്നിവരുടെ നേതൃത്വത്തിലാണ് സുരക്ഷാ പരിശോധന നടന്നത്.












