കുവൈത്ത് സിറ്റി: കാറ്റും പൊടിയും നിറഞ്ഞ ദിനങ്ങൾക്കൊടുവിൽ കുവൈത്തിലെ കാലാവസ്ഥ തിങ്കളാഴ്ചയോടെ മെച്ചപ്പെടാൻ സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ശക്തമായ പൊടിക്കാറ്റ് ഞായറാഴ്ച വൈകീട്ടോടെ കൂടി ശക്തിപ്രാപിച്ചിരുന്നു.
കഴിഞ്ഞ ദിവസം മിക്ക പ്രദേശങ്ങളിലും ആകാശം പൊടിയിൽ പൂര്‍ണമായി മൂടിയ നിലയിലായിരുന്നു. കാറ്റിലെ പൊടിപടലങ്ങൾ പുറത്തു സഞ്ചരിക്കുന്നവർക്കും വാഹനയാത്രികർക്കും വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കി.
ഇന്ത്യൻ മൺസൂൺ ന്യൂനമർദ്ദത്തിന്റെ വ്യാപനം, ചൂടുള്ളതും വരണ്ടതുമായ വായുപിണ്ഡം, വടക്കുപടിഞ്ഞാറൻ കാറ്റ് എന്നിവയാണ് നിലവിലെ കാലാവസ്ഥാ പരിസ്ഥിതിക്ക് പിന്നിലുള്ള പ്രധാന കാരണങ്ങളെന്ന് കാലാവസ്ഥാ വിഭാഗം വിശദീകരിക്കുന്നു.
തിങ്കളാഴ്ചയോടെ കാറ്റിന്റെ വേഗവും പൊടിപ്പടലങ്ങളും കുറയുകയും ചെയ്യും എന്നാണു കാലാവസ്ഥാ വിഭാഗം ഡയറക്ടർ ദറാർ അൽ അലി വ്യക്തമാക്കുന്നത്. കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെങ്കിലും താപനിലയിൽ വീണ്ടും ഉയർന്നേക്കും എന്നതും സൂചനകളിലുണ്ട്.
ഞായറാഴ്ച പകൽ സമയം ശക്തമായ ചൂടും പൊടിയുമായിരുന്നു അനുഭവപ്പെട്ടത്. രാത്രിയിൽ ചൂട് കുറച്ചുനിലവിലുണ്ടായെങ്കിലും, മുൻ ആഴ്ചകളെ അപേക്ഷിച്ച് താപനിലയിൽ കുറവ് അനുഭവപ്പെട്ടു. എന്നാൽ തിങ്കളാഴ്ച മുതൽ വീണ്ടും ചൂട് കൂടാനിടയുണ്ടെന്ന് വിലയിരുത്തലുകൾ പറയുന്നു.