പത്തനംതിട്ട : ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ഇന്ന് 52,634 പേർ വെർച്ചൽ ക്യു ബുക്കുചെയ്തിട്ടുണ്ട്. ഇതിനു പുറമേ സ്പോട് ബുക്കിങ് വഴിയും തീർഥാടകർ ദർശനത്തിന് എത്തുന്നുണ്ട്. ഇന്നലെ രാത്രി 11 ന് പമ്പയിൽ നിന്നു മല കയറിയ തീർഥാടകർ രാവിലെ 8.30 ആയിട്ടും സന്നിധാനത്ത് എത്തിയിട്ടില്ല. അത്രയ്ക്ക് നീണ്ട കാത്തു നിൽപ്പാണ്.
അടുത്ത മാസം മണ്ഡല മകരവിളക്ക് തീർഥാടനം തുടങ്ങുകയാണ്. വലിയ തിരക്കിനു മുൻപ് ദർശനം നടത്താൻ തീർഥാടകർ വൻതോതിൽ എത്തിയതാണ് തിരക്ക് കൂടാൻ കാരണം. വലിയ തിരക്കിന് അനുസരിച്ചുള്ള ക്രമീകരണങ്ങൾ ഒന്നും സന്നിധാനത്ത് ഏർപ്പെടുത്തിയിട്ടില്ല. കുടിവെള്ളം കിട്ടാനും പ്രാഥമിക ആവശ്യത്തിനുമാണ് തീർഥാടകർ ഏറെ ബുദ്ധിമുട്ടുന്നത്. തീർഥാടനത്തിനുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ താമസ സൗകര്യം പരിമിതമാണ്.
മഴ പെയ്യുന്നതിനാൽ താഴെ തിരുമുറ്റത്ത് വിരിവെച്ചു വിശ്രമിക്കാനും കഴിയാതെ അയ്യപ്പന്മാർ വിഷമിച്ചു. നിയന്ത്രണത്തിനു 150 പൊലീസ് കൂടുതലായി എത്തിയിട്ടുണ്ട്. 40 മുൻ മേൽശാന്തിമാർ സഹകാർമികരായി രാവിലെ ലക്ഷർച്ചന തുടങ്ങി.
