മനാമ : കേരളാ എഞ്ചിനിയറിങ്, ആർക്കിടെക്ച്ചർ ആൻഡ് മെഡിക്കൽ എൻട്രൻസ് പരീക്ഷയ്ക്ക് (KEAM) ബഹ്‌റൈനിലും പരീക്ഷാകേന്ദ്രം പരിഗണിക്കുന്നു. നിലവിൽ യുഎഇയിൽ മാത്രമാണ് ജിസിസി രാജ്യങ്ങളിൽ ഉള്ള ഒരേ ഒരു പരീക്ഷാകേന്ദ്രം. ബഹ്‌റൈനിൽ ജോയിന്റ് എൻട്രൻസ് എക്സാം, (JEE ) നീറ്റ് (National Eligibility cum Entrance Test) പരീക്ഷകൾക്ക് നേരത്തെ തന്നെ സെന്ററുകൾ അനുവദിക്കപ്പെട്ടിട്ടുണ്ടെങ്കിലും കീമിന് പരീക്ഷാകേന്ദ്രം ഉണ്ടായിട്ടില്ല.
ഇതേ തുടർന്ന് ബഹ്‌റൈനിലെ വിദ്യാർഥികൾ കീം പരീക്ഷയ്ക്കായി കേരളത്തിലേക്ക് പോകേണ്ട അവസ്‌ഥയാണ്. മുംബൈ, ഡൽഹി, ദുബായ് തുടങ്ങിയവിടങ്ങളിലാണ് മറ്റു പരീക്ഷാകേന്ദ്രങ്ങൾ ഉള്ളത്. നിലവിൽ അപേക്ഷയിൽ ബഹ്‌റൈൻ കേന്ദ്രം കാണിക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ ഓപ്‌ഷനായി ദുബായ് മാത്രമാണ് തിരഞ്ഞെടുക്കാനുള്ള അവസരമുള്ളത്.
ബഹ്‌റൈൻ സെന്റർ അവസാന നിമിഷം ലഭ്യമല്ലെങ്കിൽ ദുബൈയിലെ പരീക്ഷാ കേന്ദ്രത്തിൽ എത്തി പരീക്ഷ എഴുതേണ്ടിവരും. എന്നാൽ ഇക്കാര്യം തിരുവനന്തപുരത്തെ പരീക്ഷാ പ്രവേശന കമ്മിഷണറുടെ കാര്യാലയത്തിൽ അന്വേഷിച്ചപ്പോൾ ബഹ്‌റൈൻ കേന്ദ്രം തിരഞ്ഞെടുത്തവർക്ക് അവിടെ കേന്ദ്രം അനുവദിക്കപ്പെട്ടില്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സെന്ററിൽ പരീക്ഷ എഴുതാനുള്ള അവസരം ലഭ്യമാകുമെന്നാണ് മറുപടി ലഭിച്ചിട്ടുള്ളത്.
എന്നാൽ ഇക്കാര്യത്തിൽ രേഖാമൂലമുള്ള സ്‌ഥിരീകരണം നിലവിൽ ലഭിച്ചിട്ടില്ല. കൂടുതൽ വിദ്യാർഥികൾ ബഹ്‌റൈൻ കേന്ദ്രം തിരഞ്ഞടുക്കുകയാണെങ്കിൽ ബഹ്‌റൈനിൽ തന്നെ പരീക്ഷാ കേന്ദ്രം അനുവദിക്കാനാണ് സാധ്യത. ബഹ്‌റൈൻ കൂടാതെ ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, എന്നീ കേന്ദ്രങ്ങൾ കൂടി പരിഗണനയിലുണ്ടെന്ന് പ്രവേശനപരീക്ഷാ കാര്യാലയത്തിന്റെ വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു.
