കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർ.എൽ.വി രാമകൃഷ്ണന്‍ ആത്മഹത്യയ്‍ക്ക് ശ്രമിച്ചു. ഉറക്കഗുളികകൾ കഴിച്ചാണ് ആത്മത്യാ ശ്രമം. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാമകൃഷ്ണന്‍റ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിട്ടുണ്ട്.
കലാഭവൻ മണി സ്ഥാപിച്ച കുന്നിശേരി രാമൻ സ്മാരക കലാഗൃഹത്തിൽ ശനിയാഴ്ച രാത്രി ഏഴോടെ ഇദ്ദേഹത്തെ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്ന് സുഹൃത്തുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
വിഷം കഴിച്ചതെന്നാണ് കരുതിയിരുന്നെങ്കിലും വിശദ പരിശോധനയിൽ ഉറക്കഗുളികയാണെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീട് കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
കേരള സംഗീത നാടക അക്കാദമിയിൽ ഓൺലൈൻ വഴി മോഹിനിയാട്ടം അവതരിപ്പിക്കുന്നതിന് രാമകൃഷ്ണൻ അനുമതി തേടിയിരുന്നു. എന്നാൽ അനുമതി നിഷേധിച്ച അധികൃതർ ഇദ്ദേഹത്തെ ജാതിയമായി അധിക്ഷേപിച്ചെന്നാരോപിച്ചു വിവിധ സംഘടനകളുടെ സമരപരിപാടികൾ കഴിഞ്ഞ ദിവസങ്ങളിൽ നടന്നിരുന്നു.
സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ചതായി ആര്‍എല്‍വി രാമകൃഷ്ണന്‍ ഫേസ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തിയത്.
‘രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകും. ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’; എന്നിങ്ങനെയാണ് അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തന്നോട് പറഞ്ഞതെന്നായിരുന്നു ആര്‍എല്‍വി രാമകൃഷ്ണന്‍റെ വെളിപ്പെടുത്തിയത്











