ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച പുതുക്കിയ ബജറ്റ് പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗം പോലെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ബജറ്റില്‍ രാഷ്ട്രീയം കുത്തിനിറച്ചത് ശരിയായില്ലെന്നും,സാമ്പത്തിക കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
തിരുവനന്തപുരം: ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ബജറ്റ് അവതരണം പുത്തരിക്കണ്ടം മൈതാനത്ത് നടത്തുന്ന രാഷ്ട്രീയ പ്രസംഗം പോലെയെന്ന് അദ്ദേഹം പരിഹസിച്ചു. ബജറ്റില്‍ രാഷ്ട്രീയം കുത്തി നിറച്ചത് ശരിയായില്ലെന്നും സാമ്പത്തിക കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.
ബജറ്റില്‍ പറയേണ്ടത് നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തില്‍ പറയേണ്ടത് ബജറ്റിലും ആണ് പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ നയപ്രഖ്യാപന വും ബജറ്റും രാഷ്ട്രീയ പ്രസംഗവും കൂടിയാണ്. പുത്തരിക്കണ്ടം മൈതാനിയില്‍ പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ അവതരിപ്പിച്ചു എന്നുള്ള ഒരു പ്രത്യേകത ഉണ്ട്. ശരിയായ രാഷ്ട്രീയ പ്രസംഗമാണ് ബജറ്റിന്റെ ആദ്യത്തെ ഭാഗം. ഭരണഘടനാ അനുസരിച്ച് വാര്‍ഷിക സാമ്പത്തിക പ്രസ്താവനയാണ് ബജറ്റ്. അതിന്റെ പവിത്രത തകര്‍ക്കുന്ന രീതിയിലുള്ള രാഷ്ട്രീയം കുത്തി നിറച്ചത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.
ബജറ്റില്‍ അവതരിപ്പിച്ച കണക്കുകളില്‍ അവ്യക്തതയുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 1715 കോടി അധിക ചെലവ് എന്നാണ് പറയുന്നത്. 20,000 കോടി ഉത്തേജക പാക്കേജ് അധിക ചെലവല്ലേ. കുടിശിക കൊടുത്തുതീര്‍ക്കല്‍ എങ്ങനെ ഉത്തേജക പാക്കേജാകും- പ്രതിപക്ഷ നേതാവ് ചോദിച്ചു.











