മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ് നേരിട്ടു. ആഗോള സൂചനകളെ തുടര്‍ന്ന് നേട്ടത്തിലാണ് ഇന്ന് വിപണി വ്യാപാരം തുടങ്ങിയതെങ്കിലും വ്യാപാരത്തിനിടെ ചാഞ്ചാട്ടം ശക്തമായി തുടര്‍ന്നു.
ഒരു ഘട്ടത്തില്‍ നിഫ്റ്റി 15,000 പോയിന്റിന് മുകളിലേക്ക് ഉയര്‍ന്നെങ്കിലും നേട്ടം നിലനിര്‍ത്താനായില്ല. 15,051 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി അതിനു ശേഷം 150 പോയിന്റിലേറെ ഇടിവ് നേരിട്ടു. 20 പോയിന്റ് നഷ്ടത്തോടെ 14,910 ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
ഐടി ഓഹരികള്‍ തുടര്‍ച്ചയായ രണ്ടാമത്തെ ദിവസവും നേട്ടം രേഖപ്പെടുത്തുന്നതാണ് കണ്ടത്. നിഫ്റ്റി ഐടി സൂചിക 1.27 ശതമാനം ഉയര്‍ന്നു. ഇന്‍ഫോസിസ് പോലുള്ള മുന്‍നിര ഐടി ഓഹരികള്‍ ഇന്ന് എക്കാലത്തെയും ഉയര്‍ന്ന വില രേഖപ്പെടുത്തി. അതേ സമയം ബാങ്കിംഗ് ഓഹരി കളിലെ ഇടിവ് തുടരുന്നതാണ് കണ്ടത്. പൊതുമേഖലാ ബാങ്ക് സൂചിക 1.32 ശതമാനം ഇടിഞ്ഞു. 35,000 പോയിന്റിന് താഴേക്ക് ഇടിഞ്ഞ ബാങ്ക് നിഫ്റ്റി 34,804ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മെറ്റല്‍ സൂചിക 0.85 ശതമാനം ഇടിഞ്ഞപ്പോള്‍ എഫ്എംസിജി സൂചിക 0.89 ശതമാനം ഉയര്‍ന്നു.
മുന്‍നിര ഓഹരികളില്‍ നിന്നും വേറിട്ട പ്രകടനമാണ് മിഡ്കാപ്, സ്മോള്‍കാപ് സൂചികകള്‍ കാഴ്ച വെച്ചത്. നിഫ്റ്റി മിഡ്കാപ് സൂചിക 0.15 ശതമാനവും സ്മോള്‍കാപ് സൂചിക 0.25 ശതമാനവും ഉയര്‍ന്നു.



















