വ്യാപാരത്തിനിടെ ഉയര്‍ന്ന നിലയില്‍ നിന്നും 400 പോയിന്റോളം ഇടിവ് നിഫ്റ്റിയിലുണ്ടായി. 14,875 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി ഉച്ചക്കു ശേഷം 14,478 പോയിന്റ് വരെ താഴ്ന്നു. 1.11 ശതമാനം ഇടിഞ്ഞ് 14,557ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
മുംബൈ: ഓഹരി വിപണി തുടര്‍ച്ചയായ അഞ്ചാമത്തെ ദിവസവും നഷ്ടം നേരിട്ടു. ഈയാഴ്ചയിലുടനീളം വിപണി തിരുത്തലിന്റെ പാതയിലായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സെന്‍സെക്സ് 2000 പോയിന്റും നിഫ്റ്റി 600 പോയിന്റുമാണ് ഇടിഞ്ഞത്.
അനൂകൂലമായ ആഗോള സൂചനകളെ തുടര്‍ന്ന് നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരത്തിനിടെ ശക്തമായ ഇടിവാ ണ് ഇന്ന് നേരിട്ടത്. ഇന്നലെ യുഎസ് ഓഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരമാണ് രേഖപ്പെടുത്തിയതെങ്കിലും ഇന്ത്യന്‍ വിപണി കടുത്ത വില്‍പ്പന സമ്മര്‍ദം നേരിട്ടു. പലിശനിരക്കുകള്‍ ഉയര്‍ത്തില്ലെന്നും ഉത്തേജക പദ്ധതി പിന്‍വലിക്കാനുള്ള സമയമായില്ലെന്നും ഫെഡ് റിസര്‍വ് വ്യക്തമാക്കിയതാണ് യുഎസ് ഓഹരി വിപണി കുതിച്ചുകയറുന്നതിന് കാരണമായത്. ഇതിന്റെ പ്രതിഫലനമെന്ന നിലയില്‍ നേട്ടത്തോടെ തുടങ്ങിയ ഇന്ത്യന്‍ ഓഹരി വിപണി വ്യാപാരത്തിനിടെ കടുത്ത വില്‍പ്പന സമ്മര്‍ദത്തിനാണ് വിധേയമായത്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചതും യുഎസ് ബോണ്ട് യീല്‍ഡ് ഉയരുന്നതും ഇന്ത്യന്‍ ഓഹരി വിപണിയെ ഇടിവിലേക്ക് നയിച്ചു.
വ്യാപാരത്തിനിടെ ഉയര്‍ന്ന നിലയില്‍ നിന്നും 400 പോയിന്റോളം ഇടിവ് നിഫ്റ്റിയിലുണ്ടായി. 14,875 പോയിന്റ് വരെ ഉയര്‍ന്ന നിഫ്റ്റി ഉച്ചക്കു ശേഷം 14,478 പോയിന്റ് വരെ താഴ്ന്നു. 1.11 ശതമാനം ഇടിഞ്ഞ് 14,557ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്.
നിഫ്റ്റി മെറ്റല്‍, എഫ്എംസിജി സൂചികകള്‍ നേരിയ നേട്ടം രേഖപ്പെടുത്തിയെങ്കിലും മറ്റെല്ലാ മേഖലകളും നഷ്ടം നേരിട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ വിപണിക്ക് തുണയേകിയ ഐടി ഓഹരികളാണ് ഇന്ന് ഏറ്റവും ശക്തമായ ഇടിവിലൂടെ കടന്നുപോയത്. നിഫ്റ്റി ഐടി സൂചിക 3.09 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ഫാര്‍മ സൂചിക .23 ശതമാനവും ബാങ്ക് നിഫ്റ്റി 1.1 ശതമാനവും നഷ്ടം നേരിട്ടു. നിഫ്റ്റി മിഡ്കാപ് സൂചിക 1.4 ശതമാനവും സ്മോള്‍കാപ് സൂചിക 1.3 ശതമാനവും തിരുത്തലിന് വിധേയമായി.