വേനലവധിക്കാലം ചെലവഴിക്കാന്‍ പോയ സൗദി പൗരനും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്
വിയന്ന : വേനലവധിക്കാലം ചെലവിടാന്‍ ഓസ്ട്രിയയില്‍ എത്തിയ സൗദി പൗരനും നാലു വയസ്സുകാരന്‍ മകനും ദാരുണാന്ത്യം.
ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ റെയില്‍പാളത്തില്‍ കുടുങ്ങുകയായിരുന്നു. വാഹനം കുടുങ്ങിയതോടെ കാറിലുണ്ടായിരുന്ന ഭാര്യയേയും രണ്ട് കുട്ടികളേയും രക്ഷപ്പെടുത്തിയെങ്കിലും നാലു വയസുകാരനേ എടുക്കാന്‍ വീണ്ടും കാറിനടുത്ത് എത്തിയപ്പോള്‍ ട്രെയിന്‍ ഇടിക്കുകയായിരുന്നു.
ബുധനാഴ്ച വൈകീട്ടായിരുന്നു സംഭവം. ലെവല്‍ ക്രോസിംഗില്‍ കാര്‍ കയറിയ ഉടനെ മറുഭാഗത്തേക്കുള്ള ഗേറ്റ് ഓട്ടോമാറ്റികായി അടയുകയായിരുന്നു.
സെന്റ് ജൊഹാന്‍ നഗരത്തില്‍ വെച്ച് ട്രെയിന്‍ വരുന്നതിനു മുമ്പ് പാളം മുറിച്ച് കടക്കാനായി മുന്നോട്ട് പോകവേയാണ് പാളത്തില്‍ ഇവരുടെ കാര്‍ കുടുങ്ങിയത്.
രക്ഷപ്പെട്ട ഭാര്യയേയും രണ്ട് മക്കളേയും സൗദി എംബസി ഇടപെട്ട് തിരികെ സ്വദേശത്തേക്ക് എത്തിച്ചു. മുപ്പത്തിയഞ്ചു കാരനായ സൗദി പൗരന്റേയും നാലുവയസ്സുകാരനായ മകന്റേയും മൃതദേഹങ്ങള്‍ അനന്തര നടപടികള്‍ക്കു ശേഷം സൗദിയില്‍ എത്തിക്കും.