ദുബൈ : ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ നടപ്പിലാക്കിയ ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന ഭീകര വിരുദ്ധ നടപടിയെക്കുറിച്ച് വിശദീകരിച്ച് ഇന്ത്യൻ കേന്ദ്ര പ്രതിനിധി സംഘം യു.എ.ഇ. നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. യുഎഇ സഹിഷ്ണുതാ വകുപ്പു മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് ഉൾപ്പെടെ വിവിധ ഉന്നത ഉദ്യോഗസ്ഥരുമായി സംഘമാമുഖം ചേർന്നു. കൂടിക്കാഴ്ചകൾ അടുത്ത ദിവസങ്ങളിലും തുടരും.
ഭീകരതയ്‌ക്കെതിരെ ഇന്ത്യയും യുഎഇയും കൈകോര്‍ത്ത് മുന്നേറേണ്ടത് അനിവാര്യമാണെന്ന് കേന്ദ്ര സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ശൈഖ് നഹ്യാൻ വ്യക്തമാക്കി. സംഭാഷണം ഗൗരവപരവും ഫലപ്രദവുമായിരുന്നു എന്നും ഭീകരതയ്ക്കെതിരെ ആഗോളതലത്തിൽ ഏകോപിതമായ സമീപനം ആവശ്യമാണെന്ന സന്ദേശം വ്യക്തമാകുകയായിരുന്നുവെന്നും ഇന്ത്യയുടെ ദൗത്യസംഘത്തിന് നേതൃത്വം നൽകുന്ന എം.പി ശ്രീകാന്ത് ഏകനാഥ് ഷിൻഡെ പറഞ്ഞു.
യുഎഇ ഫെഡറൽ നാഷണൽ കൗൺസിലിന്റെ പ്രതിരോധ, ആഭ്യന്തര, വിദേശകാര്യ സമിതി ചെയർമാൻ ഡോ. അലി റാശിദ് അൽ നുഐമി, നാഷണൽ മീഡിയ ഓഫീസ് ഡയറക്ടർ ജനറൽ ഡോ. ജമാൽ അൽ കഅബി എന്നിവരുമായി ഉന്നതതല ചര്‍ച്ചകള്‍ നടന്നു. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ മാധ്യമങ്ങളുടെ പങ്ക്, തീവ്രവാദ ചിന്തനത്തിന്റേയും ദുഷ്പ്രഭാവത്തെയും വിലയിരുത്തൽ തുടങ്ങി വിവിധ വിഷയങ്ങൾ ഇരുകക്ഷിയും ചർച്ച ചെയ്തു.
അബൂദബിയിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ, വ്യവസായ രംഗത്തെ പ്രമുഖ ഇന്ത്യൻ നിക്ഷേപകരുമൊപ്പം സംവാദം നടത്തി. ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീരും കൂടിക്കാഴ്ചകളിൽ പങ്കെടുത്തു.
അൻവർ ഗർഗാഷ് ഡിപ്ലോമാറ്റിക് അക്കാദമി ഡയറക്ടർ ജനറൽ നികോലായ് മ്ലദനേവുമായി കൂടിക്കാഴ്ചയും, പിന്നീട് ദുബൈയിൽ മാധ്യമങ്ങളുമായുള്ള സംവാദവും നാളെ നടക്കും.
ദൗത്യ സംഘത്തിലെ അംഗങ്ങൾ:
- ഇ.ടി മുഹമ്മദ് ബഷീർ എം.പി
- ബാൻസുരി സ്വരാജ് എം.പി
- അതുൽ ഗാർഗ് എം.പി
- സാംസിത് പത്ര എം.പി
- മനൻകുമാർ മിശ്ര എം.പി
- മുൻ എം.പി എസ്.എസ് അഹ്‌ലുവാലിയ
- മുൻ അംബാസഡർ സുജൻ ചിനോയ്
ഈ സന്ദർശനം ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണ ബന്ധം ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്.