അബുദാബിയിലെ ഷോപ്പിംഗ് മാളുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി
അബുദാബി : ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ബുധനാഴ്ച മുതല്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് ലഭിക്കില്ല. പുനരുപയോഗ സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം, ചില മേഖലകളെ പ്ലാസ്റ്റിക് ഉപയോഗത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്. ഫാര്‍മസിയിലെ മരുന്നുകള്‍ നല്‍കുന്നതിനുള്ള ബാഗുകള്‍, പച്ചക്കറി, മത്സ്യം, ചിക്കന്‍, ധാന്യങ്ങള്‍ റൊട്ടി, എന്നിവയെയാണ് നിരോധനത്തില്‍ നിന്നും ഒഴിവാക്കിയിട്ടുള്ളത്.
മാലിന്യങ്ങള്‍ നിക്ഷേപിക്കാനുള്ള ബാഗുകള്‍, കത്തുകള്‍, തപാല്‍, പാഴ്‌സല്‍ എന്നിവയ്ക്കുള്ള ബാഗുകള്‍, ഫാഷന്‍, ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ പായ്ക്കു ചെയ്യുന്നവ, മാസികകള്‍, പത്രങ്ങള്‍ എന്നിവയ്ക്കുള്ള ബാഗുകള്‍, ചെടികള്‍ പൊതിയുന്നവ, അലക്കു വസ്ത്രങ്ങള്‍ കൊണ്ടുപോകുന്നവ തുടങ്ങിയ ബാഗുകള്‍ക്കാണ് ഇളവുള്ളത്.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഗ്രോസറികളിലും മറ്റ് ചില്ലറ വ്യാപാര ശാലകളിലും ഉപയോഗിക്കുന്നത് നിരോധിക്കും.
അബുദാബിക്ക് പുറമേ ദുബായിയിലും അടുത്ത മാസം മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗിന് 25 ഫില്‍സ് വീതം സെസ് ഈടാക്കും.
നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി അബുദാബി ക്വാളിറ്റി ആന്‍ഡ് കണ്‍ഫോര്‍മിറ്റി കൗണ്‍സില്‍ നിശ്ചയിച്ചിട്ടുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനുമായി നിരീക്ഷകരെ നിയമിക്കും. ഒന്നിലധികം തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ഉപഭോക്താക്കളില്‍ നിന്നും നിശ്ചിത ഫീസ് ഈടാക്കാനുള്ള നിര്‍ദ്ദേശവും കൗണ്‍സില്‍ നല്‍കിയിട്ടുണ്ട്.
ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകള്‍ക്ക് പകരം ദീര്‍ഘകാലം ഉപയോഗിക്കാവുന്ന പരിസ്ഥിതി സൗഹൃദ ബാഗുകള്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടപ്പിലാക്കും.