മസ്കത്ത് : അക്കൗണ്ടിംഗ്, ഫിനാൻസ്, ഓഡിറ്റിംഗ് മേഖലകളിൽ ജോലി ചെയ്യുന്നവർക്കും ചെയ്യാനിരിക്കുന്നവർക്കും പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ സർട്ടിഫിക്കറ്റ് അനിവാര്യമാകാൻ ഒമാൻ ഒരുങ്ങുന്നു. സെപ്റ്റംബർ 1 മുതൽ ഈ സർട്ടിഫിക്കറ്റ് നിർബന്ധമാകുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.
ഈ മേഖലകളിൽ പുതിയ വർക്ക് പെർമിറ്റ് അപേക്ഷകളും പുതുക്കലുകളും നടത്തുന്നതിന് ഇനി മുതൽ സർട്ടിഫിക്കറ്റ് നിർബന്ധമായും സമർപ്പിക്കേണ്ടതായിരിക്കും. അംഗീകൃത സർട്ടിഫിക്കറ്റ് ഇല്ലാതെ ജോലിക്ക് പ്രവേശിക്കാനോ തുടരാനോ കഴിയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
സർട്ടിഫിക്കറ്റ് ലഭിക്കേണ്ടത് അക്കൗണ്ടിംഗ്, ഫിനാൻസ്, ഓഡിറ്റിംഗ് സെക്ടർ സ്‌കിൽസ് യൂണിറ്റിൽ നിന്ന് ആയിരിക്കണം. ഈ വകുപ്പുകളിലെ നിലവിലുള്ള ജീവനക്കാർക്കും ഭാവിയിൽ ജോലിക്ക് വരുന്നവർക്കുമെല്ലാം ഈ സർട്ടിഫിക്കറ്റ് കൈവശമുണ്ടാകണം. എല്ലാ സ്ഥാപനങ്ങളും ഈ നിയമം അവകാശവാദങ്ങളില്ലാതെ പാലിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു.
സർട്ടിഫിക്കറ്റ് നിർബന്ധമായ തസ്തികകൾ
പ്രൊഫഷണൽ സർട്ടിഫിക്കറ്റ് ആവശ്യമായ പ്രധാന തസ്തികകളുടെ പട്ടിക താഴെപ്പറയുന്നു:
- അക്കൗണ്ട്സ് ടെക്നീഷ്യൻ
- അസിസ്റ്റന്റ് എക്സ്റ്റേണൽ ഓഡിറ്റർ
- അസിസ്റ്റന്റ് ഇന്റേണൽ ഓഡിറ്റർ
- ഇന്റേണൽ ഓഡിറ്റർ
- എക്സ്റ്റേണൽ ഓഡിറ്റർ
- കോസ്റ്റ് അക്കൗണ്ടന്റ്
- ക്രഡിറ്റ് അനലിസ്റ്റ്
- ഫിനാൻഷ്യൽ അനലിസ്റ്റ്
- അക്കൗണ്ട്സ് മാനേജർ
- ടാക്സ് മാനേജർ
- ചീഫ് ഫിനാൻഷ്യൽ ഓഫിസർ (CFO)
- എക്സ്റ്റേണൽ ഓഡിറ്റ് പാർട്ണർ
- ചീഫ് ഓഡിറ്റ് എക്സിക്യൂട്ടീവ് (CAE)
തൊഴിൽ മേഖലയുടെ നിലവാരം ഉയർത്താനും തൊഴിൽ കഴിവുകൾക്ക് അംഗീകാരം നൽകാനുമാണ് ഈ പുതിയ വ്യവസ്ഥയുടെ ലക്ഷ്യം. നിയമം പ്രാബല്യത്തിൽ വന്ന ശേഷം അനുസരിക്കാത്ത അപേക്ഷകൾ നിരസിക്കപ്പെടുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.











