മസ്‌കത്ത് : വിശുദ്ധ റമസാനെ വരവേറ്റ് മനസ്സിനെ തണുപ്പിച്ച വിശ്വാസികള്‍ക്ക് അനുഗ്രഹമായി രാജ്യത്തെങ്ങും സുഖകരമായ കാലാവസ്ഥ. ജൂണ്‍, ജൂലൈ മാസത്തിലെ കൊടും ചൂടില്‍ നോമ്പു നോറ്റിരുന്ന ഒമാനിലെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഇത്തവണ ആസ്വാദ്യകരമായ റമസാനാണ്.റമസാന്‍ വ്രതകാലം എത്തിയത് സുഖകരമായ കാലാവസ്ഥയോടെയായിരുന്നു. അന്തരീക്ഷ ഊഷ്മാവില്‍ കുറവുണ്ടാവുകയും തണുത്ത കാറ്റ് വീശുകയും ചെയ്യുകയാണിപ്പോള്‍. അന്തരീക്ഷ ഈര്‍പ്പം കുറയുകയും ആകാശം തെളിഞ്ഞിരിക്കുകയും ചെയ്യുന്നു. സമാന കാലാവസ്ഥ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന.
മിക്ക പ്രദേശങ്ങളിലും അന്തരീക്ഷ ഊഷ്മാവ് 35 ഡിഗ്രി സെല്‍ഷ്യസില്‍ താഴെയാണ്. മസ്‌യൂനയിലാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്, 34.3 ഡിഗ്രി സെല്‍ഷ്യസ്. ഏറ്റവും കുറഞ്ഞ ഊഷ്മാവ് സൈഖിലായിരുന്നു, 12.5 ഡിഗ്രി. ദങ്ക്, ബുറൈമി, അല്‍ സുനൈന, മഹ്ദ, റുസ്താഖ്, ശിനാസ്, ഖൈറൂന്‍ ഹിര്‍ത്തി, ഹംറ അല്‍ ദുറു, ഇബ്രി എന്നിവിടങ്ങളില്‍ 23.7 ഡിഗ്രി സെല്‍ഷ്യയില്‍ താഴെ വരെ താപനില റിപ്പോര്‍ട്ട് ചെയ്തു.
വരും ദിവസങ്ങളില്‍ കാറ്റിന് നേരിയ തോതില്‍ ശക്തി കൂടും. വൈകുന്നേരങ്ങളില്‍ കടല്‍ തീരങ്ങളില്‍ ശക്തിയായ കാറ്റ് വീശും. തുറസായ ഇടങ്ങളിലേക്ക് കാറ്റ് എത്തുന്നതോടെ പൊടി പടലങ്ങള്‍ ഉയരാന്‍ സാധ്യതയുണ്ട്. രാത്രി സമയങ്ങളില്‍ തണുത്ത കാറ്റുവീശുകയാണ് മസ്‌കത്ത് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍.
സുഖകരമായ കാലാവസ്ഥയില്‍ നോമ്പെടുക്കുമ്പോള്‍ വലിയ ക്ഷീണം അനുഭവപ്പെടുന്നില്ല എന്നതും ആശ്വാസമാണ്. പുറം ജോലിക്കാര്‍ക്കാണ് ഇത് കൂടുതല്‍ അനുഗ്രഹമാകുന്നത്. പകല്‍ സമയങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്കും മുന്‍ വര്‍ഷങ്ങളിലെ റമസാനുകളിലേത് പോലെ ക്ഷീണം അനുഭവപ്പെടുന്നില്ല. എങ്കിലും, രാത്രി സമയങ്ങളില്‍ തണുപ്പുള്ള കാലാവസ്ഥയിലും കൂടുതല്‍ വെള്ളം കുടിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇഫ്താര്‍ വിഭവങ്ങളില്‍ ജലാംശമുള്ള പഴങ്ങള്‍ കൂടുതലായി ഉള്‍പ്പെടുത്തണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.
