ഒമാൻ : ഒമാനിലെ നിക്ഷേപ അന്തരീക്ഷത്തെ പ്രശംസിച്ച് ലുലു ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസുഫലി. അഡ്വാന്റേജ് ഒമാൻ ഫോറത്തോടനുബന്ധിച്ച് ദി അറേബ്യൻ സ്റ്റോറീസിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സുൽത്താനേറ്റിലെ നിക്ഷേപ അന്തരീക്ഷത്തെ പ്രശംസിച്ചത്.
ഒമാനിലെ വികസിച്ചുകൊണ്ടിരിക്കുന്ന നിക്ഷേപ മേഖലയെയും രാജ്യത്തെ തന്റെ ഗ്രൂപ്പിന്റെ ഭാവി പദ്ധതികളെയും കുറിച്ചുള്ള വിവരങ്ങളും എം.എ. യൂസുഫലി പങ്കുവെച്ചു. ഒമാനെ പരിഗണിക്കുന്ന വിദേശ നിക്ഷേപകർക്കുള്ള ഉപദേശത്തെക്കുറിച്ച് ചോദിച്ചപ്പോൾ, സുൽത്താനേറ്റിൽ ‘ബിസിനസ്സ് ചെയ്യാൻ എളുപ്പമാ’ണെന്ന് എം.എ. യൂസുഫലി പറഞ്ഞു. നിയന്ത്രണങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം സുതാര്യത ഉറപ്പാക്കാൻ ഭരണകൂടം നടത്തുന്ന ശ്രമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. സുതാര്യത കാണാൻ കഴിയുമെന്നും അതിനാൽ നിക്ഷേപം നടത്താമെന്നും അഭിപ്രായപ്പെട്ടു.
‘ദീർഘവീക്ഷണമുള്ള നേതൃത്വം, ശക്തമായ സമ്പദ്വ്യവസ്ഥ, സുരക്ഷയും സ്ഥിരതയും, നല്ല പരിസ്ഥിതി, അടിസ്ഥാന സൗകര്യങ്ങൾ’ എന്നിവയുൾപ്പെടെ നിക്ഷേപകരെ ആകർഷിക്കുന്ന ഒമാനിലെ നിരവധി പ്രധാന ഘടകങ്ങൾ ലുലു ഗ്രൂപ്പ് ചെയർമാൻ ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര തലവുമായി ചേർന്നുനിൽക്കാൻ സുൽത്താനേറ്റ് ഈ മേഖലകളിൽ തുടർച്ചയായ നവീകരണങ്ങൾ നടത്തുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ടൂറിസം, ഉൽപ്പാദനം, വ്യാവസായിക വികസനം, റീട്ടെയിൽ തുടങ്ങിയ മേഖലകളിൽ അവസരങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും പറഞ്ഞു.
ലുലു ഗ്രൂപ്പിന്റെ ഒമാനിലെ വിപുലീകരണ പദ്ധതികളെക്കുറിച്ചും റീട്ടെയിൽ ശൃംഖലയുടെ വളർച്ചയെ കുറിച്ചും യൂസുഫലി സംസാരിച്ചു. ‘നോക്കൂ, ഞങ്ങൾക്ക് ഇപ്പോൾ 36-ലധികം ഔട്ട്ലെറ്റുകളുണ്ട്. എല്ലാ വിലായത്തുകളിലും സാന്നിധ്യമുണ്ട്. ഇ-കൊമേഴ്സ് സംവിധാനവുമുണ്ട്. എട്ട് സ്ഥലങ്ങളിൽ ഞങ്ങൾക്ക് വിതരണ കേന്ദ്രങ്ങളുണ്ട്. ഞങ്ങൾ ഇപ്പോൾ ഇ-കൊമേഴ്സിലേക്കും സംഭരണ കേന്ദ്രങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്’ അദ്ദേഹം വ്യക്തമാക്കി. സംഭരണ കേന്ദ്രങ്ങളിലേക്കുള്ള വിപുലീകരണം പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിൽപ്പന വർധിപ്പിക്കാൻ ലക്ഷ്യമിടുന്നതാണെന്നും ചൂണ്ടിക്കാട്ടി.
