കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിനെതിരായ ഇസ്രായേൽ സർക്കാറിന്റെ പ്രചാരണങ്ങളെ കുവൈത്ത് അപലപിച്ചു. അന്താരാഷ്ട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഗുട്ടെറസിന്റെ പങ്ക് വളരെ വലുതാണെന്നും കുവൈത്ത് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
യു.എൻ മേധാവിയെ വ്യക്തിത്വ രഹിതനായി പ്രഖ്യാപിക്കാനുള്ള ഇസ്രായേൽ സർക്കാറിന്റെ തീരുമാനത്തെയും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അപലപിച്ചു.അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ലക്ഷ്യമാക്കിയുള്ള ശ്രമങ്ങളെ പിന്തുണക്കുന്നതിൽ ഗുട്ടെറസിന്റെ സുപ്രധാനവുമായ പങ്കിനെ കുവൈത്ത് അഭിനന്ദിച്ചു.
അന്താരാഷ്ട്ര നിയമവും യു.എൻ ചാർട്ടറിന്റെ തത്ത്വങ്ങളും ലക്ഷ്യങ്ങളും നടപ്പിലാക്കുന്നതിനുള്ള പ്രതിബദ്ധതയും ചൂണ്ടിക്കാട്ടി. തങ്ങൾക്ക് നേരയുണ്ടായ മിസൈലാക്രമണത്തിൽ ഇറാനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്താൻ തയാറായില്ലെന്ന് ആരോപിച്ച് അന്റോണിയോ ഗുട്ടെറസിന് രാജ്യത്ത് പ്രവേശിക്കുന്നതിന് ഇസ്രായേൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
യു.എൻ സെക്രട്ടറി ജനറൽ തീവ്രവാദികളെയാണ് പിന്തുണക്കുന്നതെന്നും ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രി ഇസ്രായേൽ കാറ്റ്സ് ആരോപിച്ചിരുന്നു. പശ്ചിമേഷ്യയിലെ സംഘർഷം വർധിച്ചുവരുന്നതിനെ അപലപിക്കുന്നു എന്നായിരുന്നു ഇറാന്റെ മിസൈൽ ആക്രമണത്തിൽ അന്റോണിയോ ഗുട്ടെറസിന്റെ പ്രതികരണം. ഇത് അവസാനിക്കണം. വെടിനിർത്തൽ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, ആക്രമണത്തിൽ ഇറാനെ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തണമെന്നാണ് ഇസ്രായേലിന്റെ ആവശ്യം.
