ഐ ഗോപിനാഥ്
ആധുനികകാല ജനാധിപത്യ സംവിധാനത്തിനാവശ്യമില്ല മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്ന് പോയവാരത്തിലെഴുതിയ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. മിക്കപ്പോഴും അഴിമതിക്കും രാഷ്ട്രീയകൊലപാതകങ്ങള്‍ക്കുമൊക്കെ കാരണം ഇവരാണെന്നും കുറച്ചുപേര്‍ കൊല്ലാനും കൊല്ലപ്പെടാനുമുള്ള മുഴുവന്‍ സമയ രാഷ്ട്രീയക്കാരാകുകയല്ല, മറിച്ച് എല്ലാവരും രാഷ്ട്രീയക്കാരാകുകയാണ് വേണ്ടതെന്നും രാഷ്ട്രീയം തൊഴിലാകരുതെന്നും ആ കുറിപ്പില്‍ അഭിപ്രായപ്പെട്ടിരുന്നു. നിര്‍ഭാഗ്യവശാല്‍ ആ കുറിപ്പിനു പിറ്റേന്ന്, തിരുവോണപ്പുലരിയില്‍ കേരളം കേട്ടത് ഇരട്ട രാഷ്ട്രീയ കൊലപാതക വാര്‍ത്തയായിരുന്നു. അതാകട്ടെ തലസ്ഥാനനഗരിയില്‍ തന്നെ. കൊല്ലപ്പെട്ടവര്‍ പതിവുപോലെ ചെറുപ്പക്കാരും അവരവരുടെ കുടുംബങ്ങളുടെ അത്താണിമാരും തന്നെ.
ഇക്കുറി ഈ നിഷ്ഠൂരകൊലകളുടെ പ്രതിസ്ഥാനത്ത് കോണ്‍ഗ്രസ്സുകാരാണ്. കൊല്ലപ്പെട്ടത് ഡിവൈഎഫ്‌ഐക്കാരും. സ്വാഭാവികമായും കോണ്‍ഗ്രസ്സുകാരത്് നിഷേധിക്കുന്നു. കൊല്ലപ്പെട്ടവരുടെ കൈകളിലും ആയുധങ്ങളുണ്ടെന്ന വിവാദമൊക്കെ ആളികത്തിക്കൊണ്ടിരിക്കുന്നു. ഒരുപക്ഷെ കേരളത്തില്‍ ഏറ്റവുമധികം കൊലപാതകങ്ങള്‍ പരസ്പരം നടത്തുന്ന സിപിഎമ്മും ബിജെപിയും ചെയ്യാറുള്ളപോലെ കൃത്യമായ സംഘടനാ തീരുമാനമനുസരിച്ചാകില്ല ഈ കൊലപാതകങ്ങള്‍ നടന്നത്. അപ്പോഴും കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട ഗുണ്ടകള്‍ തന്നെയാണ് കൊലപാതകികള്‍ എന്നതില്‍ സംശയമില്ല. ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെങ്കിലും അതില്‍ പങ്കുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
അതേസമയം കഴിഞ്ഞ ലോകസഭാതെരഞ്ഞെടുപ്പുകാലം മുതല്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് ഈ കൊലകള്‍ എന്നും പറയപ്പെടുന്നു. എങ്കില്‍ പോലീസിനും ആഭ്യന്തരവകുപ്പിനും വീഴ്ച വന്നിട്ടുണ്ടോ എന്ന വിഷയവും അന്വേഷിക്കേണ്ടതാണ്.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ഈ കൊലകളെ കുറിച്ചുള്ള പ്രധാന വൈരുദ്ധ്യം പെരിയ ഇരട്ടക്കൊലക്കേസ് സിബിഐ അന്വേഷിക്കുമെന്ന ഹൈക്കോടതിവിധി വന്ന് രണ്ടുദിവസത്തിനകമാണ് ഇവ നടന്നതെന്നതാണ്. അതില്‍ കൊല്ലപ്പെട്ടവര്‍ രണ്ടു യൂത്ത് കോണ്‍ഗ്രസ്സുകാരായിരുന്നല്ലോ. കാസര്‍കോട് ജില്ലയിലെ ഏരിയാ, ലോക്കല്‍ സെക്രട്ടറിമാര്‍ ഉള്‍പ്പടെ 14 സിപിഎം പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. കോളേജില്‍ നടന്ന നിസ്സാരസംഭവങ്ങളെ തുടര്‍ന്നായിരുന്നു കൊലകള്‍ നടന്നത്. കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ രണ്ടു ചെറുപ്പക്കാരെ കശാപ്പ് ചെയ്ത ആ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ ലക്ഷകണക്കിനു രൂപയാണ് സര്‍ക്കാര്‍ ചിലവാക്കിയത്. എന്നാല്‍ കോടതി സര്‍ക്കാര്‍ നിലാപാട് തള്ളുകയായിരുന്നു. ഈ വിധിയെ സ്വാഗതം ചെയ്യുകയായിരുന്നു കോണ്‍ഗ്രസ്സുകാര്‍. അതിനുതൊട്ടുപുറകെയാണ് ഈ ഇരട്ടകൊലകള്‍ അരങ്ങേറിയത്. ഇപ്പോഴത്തെ കൊലകള്‍ നടന്നത് കേരളത്തിന്റെ തെക്കെ അറ്റത്താണെങ്കില്‍ പെരിയ നടന്നത് വടക്കെ അറ്റത്തായിരുന്നു. രണ്ടിലും കൊലപ്പെട്ടത് ചെറുപ്പക്കാര്‍. വെഞ്ഞാറമൂടില്‍ ഡിവൈഎഫ്‌ഐക്കാരാണെങ്കില്‍ പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ്സുകാരാണെന്ന വ്യത്യാസമേയുള്ളു. അന്ന് കോണ്‍ഗ്രസ്സുകാര്‍ പ്രതികരിച്ചപോലെതന്നെ ഇപ്പോള്‍ സിപിഎംകാര്‍ പ്രതികരിക്കുന്നു. അന്ന് സിപിഎംകാര്‍ പ്രതികരി്ച്ചപോലെ ഇപ്പോള്‍ കോണ്‍ഗ്രസ്സുകാരും. കഥ മാറുന്നില്ല, കഥാപാത്രങ്ങള്‍ മാറുന്നു എന്നു മാത്രം.
കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന സംസ്ഥാനമാണ് കേരളം. വാസ്തവത്തില്‍ ഇവയെ രാഷ്ട്രീയകൊലപാതകങ്ങള്‍ എന്നു വിളിക്കുന്നതേ തെറ്റ്. ജനാധിപത്യസംവിധാനത്തില്‍ രാഷ്ട്രീയത്തില്‍ സംവാദങ്ങളാണ് ആവശ്യം. കൊലകള്‍ക്കവിടെ സ്ഥാനമില്ല. രാഷ്ട്രീയമില്ലാതാകുമ്പോഴാണ് കൊലകളുണ്ടാകുക. ഇവയെല്ലാം അരാഷ്ട്രീയകൊലകളാമെന്ന് സാരം. എപ്പോഴും പതിവുള്ള പോലെ ഈ കൊലകള്‍ക്കെതിരേയും പ്രതിഷേധമുയര്‍ന്നു വന്നിട്ടുണ്ട്. കേരളത്തിനു ശാപമായ അമിതമായ കക്ഷിരാഷ്ട്രീയവല്‍ക്കരണത്തില്‍ സ്ഥിരമായി കാണുന്ന കാഴ്ച സ്വന്തം പാര്‍ട്ടിക്കാര്‍ മിരിക്കുമ്പോള്‍ മാത്രം പ്രതിഷധമുയര്‍ത്തുക എന്നതാണല്ലോ. പിന്നീട് ആ കൊലയുടെ പ്രതികരണമെന്ന മട്ടില്‍ നാടെങ്ങും അക്രമം അഴിച്ചുവിടുന്നതും സ്ഥിരം സംഭവം. ഇപ്പോഴും അതു തന്നെ സംഭവിക്കുന്നു. കഴിഞ്ഞ ദിവസങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം നിരവധി അക്രമങ്ങള്‍ നടന്നു. കണ്ണൂരില്‍ ബോംബുനിര്‍്മ്മാണത്തിനിടെ പൊട്ടിത്തെറിച്ച് രണ്ടുപേര്‍ക്ക് പരിക്കുമേറ്റു. ജനാധിപത്യസംവിധാനത്തില്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കേണ്ടത് പോലീസും ശിക്ഷ വിധിക്കേണ്ടത് കോടതിയുമല്ലേ? എന്നാല്‍ മാറി മാറി എത്രയോ തവണ അധികാരത്തിലിരുന്ന പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ പോലും അതിനുപകരം ആയുധം കയ്യിലെടുക്കുമ്പോള്‍ അവര്‍ ആത്മാര്‍ത്ഥമായിട്ടാണോ ജനാധിപത്യത്തില്‍ പങ്കെടുക്കുന്നത് എന്നു ചോദിക്കാതിരിക്കാനാവില്ല.
കേരളത്തില്‍ ഏറ്റവും ശക്തമായ ജനകീയ പ്രതിരോധം ഉയരേണ്ട മേഖലയാണ് കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍. എന്നാല്‍ കാര്യമായ പ്രതിഷേധമൊന്നും ഉയരാറില്ലന്നില്ല എന്നതാണ് വസ്തുത. ഓരോ കൊലകള്‍ നടക്കുമ്പോഴും കൊലചെയ്യപ്പെട്ട പാര്‍ട്ടിയുമായി അടുപ്പമുള്ള എഴുത്തുകാരും സാസ്‌കാരികനായകും പ്രസ്താവനകള്‍ ഇറക്കും. ഇക്കുറിയും അതുകണ്ടു.
ആ പ്രസതാവനയില്‍ ഇങ്ങനെ പറയുന്നു – ‘പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ടികള്‍ ആശയത്തിനു പകരം ആയുധം എടുക്കാന്‍ തുടങ്ങിയാല്‍ രാജ്യത്ത് മനുഷ്യജീവിതം അസാധ്യമായിത്തീരും. ആശയമോ അഭിപ്രായമോ മുന്നോട്ടു വെക്കാനില്ലാതാവുമ്പോഴാണ് ആയുധങ്ങള്‍ പുറത്തു വരുന്നത്. അഭിപ്രായ ഭിന്നതകളുടെ പേരില്‍ കൊലക്കത്തിയുയരുന്ന പ്രവണതയെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. രാഷ്ട്രീയപ്രവര്‍ത്തനം മൂല്യങ്ങളെ മുന്‍നിര്‍ത്തിയുള്ള സാംസ്‌കാരിക പ്രവര്‍ത്തനം കൂടി ആകേണ്ടതുണ്ടെന്ന് ഞങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു.’ ശരിയായ നിലപാടാണിതെന്നതില്‍ സംശയമില്ല, പക്ഷെ കക്ഷിരാഷ്ട്രീയത്തിന്റെ പേരിലുള്ള ഏതൊരു കൊലക്കുമെതിരെ കേരളത്തിന്റെ ഒന്നടങ്കം ശബ്ദം ഉയരാറില്ല എന്നതാണ് വസ്തുത. അതിന് സാംസ്‌കാരിക നായകര്‍ മുന്‍കൈ ടെുക്കാറുമില്ല. ഒരിക്കല്‍ കൊലപാതക രാഷ്ട്രീയത്തിന്റെ കേന്ദ്രമായ കണ്ണൂരില്‍ സുഗതകുമാരിയുടേയും സാറാജോസഫിന്റേയും മറ്റും നേതൃത്വത്തില്‍ അമ്മമാരുടെ പ്രതിഷേധവും മറ്റും നടക്കുകയുണ്ടായി. കൊടുങ്ങല്ലൂരിലും അത്തരത്തിലുള്ള നീക്കങ്ങള്‍ നടന്നിരുന്നു. ടി പി വധത്തിനുശേഷമാണ് സംസ്ഥാനതലത്തില്‍ അത്തരം നീക്കങ്ങള്‍ ചെറുതായെങ്കിലും ഉണ്ടായത്. 2018 ല്‍ ജനാധിപത്യ സാംസ്‌കാരിക കൂട്ടായ്മയുടെ നേതൃത്വത്തിലും ചില മുന്‍കൈകള്‍ ഉണ്ടായി. കാസര്‍ഗോഡ് ഇരട്ടക്കൊലക്കുശേഷവും സ്ത്രീകള്‍ സജീവമായി രംഗത്തിറങ്ങി ധര്‍ണ്ണയും മറ്റും നടത്തുകയുണ്ടായി. എങ്കിലും അവയെല്ലാം ദുര്‍ബ്ബലമായ ശബ്ദങ്ങള്‍ മാത്രം.
കണ്ണൂര്‍ തന്നെയാണ് കേരളത്തിലെ കക്ഷിരാഷ്ട്രീയ കൊലകളുടെ പ്രധാന കേന്ദ്രം. കമ്യൂണിസ്റ്റ് നേതാവായിരുന്ന മൊയാരത്ത് ശങ്കരനായിരുന്നു കൊലപാതകരാഷ്ട്രീയത്തിന്റെ ആദ്യരക്തസാക്ഷി. കോണ്‍ഗ്രസ്സുകാരായിരുന്നു പ്രതികള്‍. തുടര്‍ന്നും പലവട്ടം കമ്യൂണിസ്റ്റുകാര്‍ ആക്രമിക്കപ്പെട്ടെങ്കിലും കാര്യമായവര്‍ തിരിച്ചടിക്കാറില്ല. എ കെ ഗോപാലന്റെ നേതൃത്വത്തില്‍ ഗോപാലസേനയൊക്കെ പ്രവര്‍ത്തിച്ചിരുന്നെങ്കിലും രാഷ്ട്രീയകൊലകളൊന്നും നടത്തിയിരുന്നില്ല. ചീമേനിയില്‍ 5 സിപിഎം പ്രവര്‍ത്തകരെ കോണ്‍ഗ്രസ്സുകാര്‍ കൂട്ടക്കൊല നടത്തിയ സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. 1970കളോടെയാണ് സിപിഎമ്മും ആര്‍എസ്എസും അക്രമരാഷ്ട്രീയത്തിന്റെ പാതയിലെത്തിയത്. അന്നാരംഭിച്ച കൊലപാതക പരമ്പര, ഏറ്റക്കുറച്ചിലുകളോടെ ഇപ്പോഴും തുടരുകയാണ്. നൂറുകണക്കിനുപേര്‍ കൊലക്കത്തിക്കിരയായി. ഇവരിരുകൂട്ടര്‍ക്കും പുറമെ കോണ്‍ഗ്രസ്സ്, മുസ്ലിം ലീഗ്, എസ് ഡി പി ഐ സംഘടനകളും പലപ്പോഴും കൊലപാതക രാഷ്ട്രീയത്തില്‍ പങ്കാളികളായി. കണ്ണൂരിനോളം വരില്ലെങ്കിലും സംസ്ഥാനത്തെ മറ്റനവധി മേഖലകളിലും നിരവധി കക്ഷിരാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു. ഇപ്പോഴും നടക്കുന്നു. സ്വന്തം പ്രവര്‍ത്തകരെതന്നെ കോണ്‍ഗ്രസ്സുകാര്‍ കൊ്ന്നുകളഞ്ഞ സംഭവം തൃശൂരിലുണ്ടായി.
ഒരു കൊലയും പകരം വീട്ടാതെ വിടുന്ന ചരിത്രമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. പ്രത്യകിച്ച് കണ്ണൂരില്‍. ചിലപ്പോള്‍ മണിക്കൂറുകള്‍ക്കകം പകരം വീട്ടിയിരിക്കും. അല്ലെങ്കില്‍ ദശകങ്ങള്‍ കാത്തിരുന്നാലും പകരം വീട്ടും. പലപ്പോഴും കൊല്ലപ്പെടുന്നത് പാര്‍ട്ടികളുടെ സജീവപ്രവര്‍ത്തകരാകില്ല, അനുഭാവികളായിരിക്കും. മിക്കവാറും പേര്‍ പാവപ്പെട്ടവരും പിന്നോക്ക ദളിത് വിഭാഗങ്ങളില്‍ നിന്നുള്ളവരും. കൊല ചെയ്യുന്നവരും ചെയ്യപ്പെടുന്നവരും പലപ്പോഴും അയല്‍ പക്കക്കാരും പരിചയക്കാരുമൊക്കെയാണെന്നതാണ് മറ്റൊന്ന്. കക്ഷിരാഷ്ട്രീയ തിമിരം ബാധിച്ച കണ്ണുകള്‍ക്ക് അതുപോലും കാണാനാവുന്നില്ല. എല്ലാവര്‍ക്കുമുള്ള ന്യായീകരണം തങ്ങള്‍ പ്രതിരോധിക്കുകയാണെന്നാണ്. ആക്രമിക്കാന്‍ വരുമ്പോള്‍ സ്വയംരക്ഷക്കായുള്ള പ്രതിരോധമാണോ നടക്കുന്നത്. അല്ല. കൃത്യമായി പ്ലാന്‍ ചെയ്ത് കൊന്നൊടുക്കുകയാണ്. പരസ്പരം കൊന്നവരുടെ പേരെഴുതി സ്‌കോര്‍ ബോര്‍ഡ് വെച്ച സംഭവവും കണ്ണൂരിലുണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് പാര്‍ട്ടി ഗ്രാമങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശവും കണ്ണൂര്‍ തന്നെ. അവിടങ്ങളില്‍ മറ്റുള്ളവരുടെ ജനാധിപത്യാവകാശങ്ങള്‍ പൂര്‍ണ്ണമായും തടയപ്പെടുന്നു. ഇലയനങ്ങണമെങ്കില്‍ അതാത് പാര്‍ട്ടിയുടെ അനുമതി വേണം. കണ്ണൂരെ അനുകരിക്കാനാണ് പലപ്പോഴും മറ്റു ജില്ലകളിലെ പാര്‍ട്ടികളും ശ്രമിക്കുന്നത്. പ്രത്യകിച്ച് അയല്‍ജില്ലകളായ കാസര്‍ഗോഡും കോഴിക്കോടും.
കണ്ണൂരിലൂടെ യാത്ര ചെയ്യുമ്പോള്‍ എത്രയോ ബലികുടീരങ്ങള്‍ കാണാം. എതി രാളികളാല്‍ കൊല്ലപ്പെട്ടവര്‍ മാത്രമല്ല, ബോംബുണ്ടാക്കുമ്പോള്‍ പൊട്ടി ത്തെറിച്ച് കൊല്ലപ്പെട്ടവരും അതിലുണ്ട്. കൊല നടത്തുന്നവരല്ല പലപ്പോഴും ജയിലില്‍ പോകുക. ആ ലിസ്റ്റ് പാര്‍ട്ടികള്‍ തന്നെയുണ്ടാക്കി പോലീസിനു നല്‍കാറാണു പതിവ്. അടുത്തകാലം വരെ കൊല ചെയ്യാനും ചെയ്യാതെ തന്നെ ജയിലില്‍ പോകാനും ആളുകര്‍ തയ്യാറായിരുന്നു. ജയിലില്‍ പോകുന്നവരുടെ കുടുംബം പാര്‍ട്ടികള്‍ പുലര്‍ത്തും. എങ്കിലും അടുത്തയിടെ കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. കൊല്ലാനും കുറ്റമേല്‍ക്കാനും പലരും വിസമ്മതിക്കാന്‍ തുടങ്ങി. അങ്ങനെയാണ് ക്വട്ടേഷന്‍ സംഘങ്ങള്‍ രംഗത്തുവരാന്‍ തുടങ്ങിയത്.
അപൂര്‍വ്വമായി മാത്രം നേതാക്കള്‍ക്കെതിരേയും കണ്ണൂരില്‍ ആക്രമണം നടക്കാറുണ്ട്. പി ജയരാജനെ ഒരിക്കല്‍ ഭീകരമായി ആക്രമിച്ച് മരിച്ചെന്നു കരുതി ഉപേക്ഷിച്ചിരുന്നു. എന്നാല്‍ ജയരാജന്‍ രക്ഷപ്പെട്ടു. ആ സംഭവത്തില്‍ ഉള്‍പ്പെട്ട പലരും പിന്നീട് കൊല ചെയ്യപ്പെട്ടു. ഇ പി ജയരാജന് ഒരിക്കല്‍ വെടിയേറ്റെന്നും ഇല്ലെന്നും പറയപ്പെടുന്നു. മറുവശത്ത് യുവമോര്‍ച്ച നേതാവ് ജയകൃഷ്ണന്‍ മാസ്റ്ററെ സ്‌കൂളില്‍ കയറി കുട്ടികളുടെ മുന്നില്‍ വെച്ച് വെട്ടിക്കൊന്ന സംഭവം ഏവരേയും ഞെട്ടിച്ചു. എസ് എഫ് ഐ നേതാവ് സുധീഷിനെ കൊന്നത് മാതാപിതാക്കളുടെ മുന്നില്‍ വെച്ച്.
സിപിഎമ്മില്‍ നിന്ന് എന്‍ഡിഎഫിലേക്കുപോയ ഫസല്‍ വധക്കേസിലെ പ്രതികള്‍ സിപിഎമ്മോ ആര്‍എസ്എസോ എന്ന വിഷയത്തില്‍ തര്‍ക്കം തുടരുകയാണ്. യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് ഷുഹൈബിനെ കൊന്നുകളഞ്ഞത് കാര്യമായ ഒരു കാരണവുമില്ലാതെ. അരിയില്‍ ഷുക്കൂറിനെ കൊന്നത് വിചാരണനടത്തി വധശിക്ഷ വിധിച്ച്. കണ്ണൂരിനു തൊട്ടുകിടക്കുന്ന വടകരയില്‍ ടി പി ചന്ദ്രശേഖരനെ കൊന്നത് വേറെ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചതിന്. വര്‍ഷങ്ങള്‍ക്കുമുമ്പ് സ്വാശ്രയസമരവുമായി ബന്ധപ്പെട്ട് കൂത്തുപറമ്പില്‍ 5 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൊലക്കും യഥാര്‍ത്ഥ കാരണം കക്ഷിരാഷ്ട്രീയ പകതന്നെ. അതാകട്ടെ സിപിഎമ്മും സിഎംപിയും തമ്മിലും.
എന്തായാലും രാഷ്ട്രീയപ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന കേരളത്തിന് അപമാനകരമാണ് ഇത്തരം അറുംകൊലകള്‍. ഓരോ കൊല നടക്കുമ്പോഴും ഇനി ആവര്‍ത്തിക്കരുതെന്ന് നാം പറയാറുണ്ട്. എന്നാലതുതന്നെ ആവര്‍ത്തിക്കുന്നു. തലസ്ഥാനത്തു നടന്ന ഈ അറുംകൊലകളെങ്കിലും അവസാനത്തേതാകട്ടെ എന്നാശിക്കാനേ ഇപ്പോള്‍ ജനാധിപത്യവിശ്വാസികള്‍ക്കാവൂ.