മസ്കത്ത്: എട്ടാമത് ഒമാനി തിയറ്റർ ഫെസ്റ്റിവൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്നുവരെ അൽ ഇർഫാൻ തിയറ്ററിലെ ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിൽ നടക്കും. എട്ട് ഒമാനി നാടക ഗ്രൂപ്പുകൾ സമ്മാനങ്ങൾക്കായി മത്സരിക്കും. സാമൂഹിക പ്രശ്നങ്ങൾ അഭിസംബോധന ചെയ്യുന്നതിലും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിലും ഫെസ്റ്റിവൽ വഴിയൊരുക്കുമെന്ന് സാംസ്കാരിക, കായിക, യുവജന മന്ത്രാലയത്തിന്റെ അണ്ടർസെക്രട്ടറി സയ്യിദ് സഈദ് ബിൻ സുൽത്താൻ അൽ ബുസൈദി പറഞ്ഞു. പ്രധാന മത്സരത്തോടൊപ്പം സമാന്തര ഷോകളും കലാപ്രദർശനവും ഉണ്ടാകമെന്നും അദ്ദേഹം പറഞ്ഞു.
ഫെസ്റ്റിവലിന്റെ ആദ്യ പ്രകടനമായ ലുബാൻ ട്രൂപ്പിന്റെ ‘അൽ ജദർ’ 23ന് ആരംഭിക്കും. തുടർന്ന് ഒമാനി ട്രൂപ്പുകളുടെ മറ്റ് നിരവധി പ്രകടനങ്ങളും അരങ്ങേറും. കൂടാതെ, ഹാസ്യം, കുട്ടികളുടെ നാടകം, നാടകരംഗത്തെ സാംസ്കാരിക നിക്ഷേപം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും നടക്കും.
