ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡെവലപ്‌മെന്റ് അഥോറിറ്റിയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
ഷാര്‍ജ : ബക്രീദിനോട് അനുബന്ധിച്ച് അല്‍ സജ്ജയില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷങ്ങളില്‍ അയ്യായിരത്തോളം തൊഴിലാളികള്‍ പങ്കെടുക്കുമെന്ന് ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി അറിയിച്ചു.
ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് അഥോറിറ്റി ചെയര്‍മാന്‍ സലിം യൂസഫ് അല്‍ ഖാസിര്‍ ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനുമായി സഹകരിച്ചാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ ലേബര്‍ ക്യാംപുകളില്‍ നിന്നായി അയ്യായിരത്തോളം തൊഴിലാളികള്‍ പങ്കെടുക്കും.
ബലിപ്പെരുന്നാളിനോട് അനുബന്ധിച്ച് വിവിധ ചടങ്ങുകളും പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുടെ ഭക്ഷണ വിഭവങ്ങള്‍ വ്യത്യസ്ത സംസ്‌കാരങ്ങളുടെ കലാപരിപാടികള്‍ എന്നിവയും ഉണ്ടാകും.
തൊഴിലാളികള്‍ക്ക് ആരോഗ്യ പരിശോധനയും ഉണ്ടാകും. സൗജന്യ നേത്രപരിശോധനയ്ക്കും ദന്ത പരിശോധനയ്ക്കും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സമൂഹത്തില്‍ തൊഴിലാളികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും ഇവര്‍ക്കും പ്രാധാന്യം ഉണ്ടെന്നും ഓര്‍മിപ്പിക്കുകയാണ് ഈദ് വിത്ത് വര്‍ക്കേഴ്‌സ് എന്ന പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ വൈ എ റഹിം പറഞ്ഞു.