ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുത്ത് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് അനുമതി ലഭിക്കും.
ദുബായ് : ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കാന്‍ ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അഥോറിറ്റി ( ആര്‍ടിഎ) യുടെ അനുമതിക്കായി നിരവധി പേര്‍ അപേക്ഷ നല്‍കി.
കഴിഞ്ഞ മൂന്നു മാസത്തിനിടെ 38,102 അപേക്ഷകര്‍ക്ക് അനുമതി നല്‍കിയതായി ആര്‍ടിഎ അറിയിച്ചു.
ഇ സ്‌കൂട്ടര്‍ ഓടിക്കുന്നവര്‍ക്കായി സൗജന്യ രജിസ്‌ട്രേഷനുള്ള സൗകര്യമാണ് ആര്‍ടിഎ ഒരുക്കിയത്.
നേരത്തെ, ഇ സ്‌കൂട്ടറുകള്‍ ഓടിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഇല്ലായിരുന്നു. ഇത് അപകടങ്ങള്‍ക്കും മറ്റും കാരണമായി. ഇതിനെ തുടര്‍ന്നാണ് ഇ സ്‌കൂട്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
ഇരുപതിനും നാല്‍പതിനും ഇടയിലുള്ളവരാണ് അപേക്ഷകരിലേറെയും. 20 നും 30 നും ഇടയില്‍ പ്രായമുള്ളവരുടെ 14576 അപേക്ഷകള്‍ക്ക് അനുമതി നല്‍കിയപ്പോള്‍ മുപ്പതിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള 15,807 അപേക്ഷകര്‍ക്കാണ് അനുമതി ലഭിച്ചത്.
ഇരുപതു വയസ്സില്‍ താഴെയുള്ള 1570 പേര്‍ക്ക് അനുമതി നല്‍കിയതായും ആര്‍ടിഎ അറിയിച്ചു.
ഇ സ്‌കൂട്ടര്‍ ഓടിക്കാനുള്ള അപേക്ഷകരില്‍ ഭൂരിഭാഗവും ഫിലിപ്പീന്‍സ് സ്വദേശികളാണ്. ഇന്ത്യ, പാക്കിസ്ഥാന്‍ പൗരന്‍മാര്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
അനുമതിക്കായി അപേക്ഷ നല്‍കിയവര്‍ 149 രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ട്.
പതിനാറ് വയസ്സിനു മേല്‍ പ്രായമുള്ള ആര്‍ക്കും പ്രത്യേകിച്ച് പരിശീലനമോ ടെസ്റ്റോ ഒന്നും ഇല്ലാതെ തന്നെ ലൈസന്‍സിന് അര്‍ഹത ലഭിക്കും.
ആര്‍ടിഎയുടെ ബോധവല്‍കരണ ക്ലാസില്‍ പങ്കെടുക്കണമെന്നു മാത്രം. ഇതിനായാണ് രജിസ്‌ട്രേഷന്‍ സജ്ജമാക്കിയിട്ടുള്ളത്.
ഹെല്‍മെറ്റ്, റിഫ്‌ലക്ടീവ് ജാക്കറ്റ് എന്നിവ ധരിച്ചു വേണം ഇ സ്‌കൂട്ടര്‍ ഓടിക്കാന്‍. മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് കൊണ്ട് ഇ സ്‌കൂട്ടര്‍ ഓടിക്കാന്‍ പാടില്ല. നടപ്പാതകളിലൂടെ ഓടിക്കുന്നതും ശിക്ഷാര്‍ഹമാണ്.










