മനാമ: ബഹ്റൈനിലെ എല്ലാ ഡെലിവറി കമ്പനികളും അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന നിർദ്ദേശം പാർലമെന്റിലെ സ്റ്റ്രാറ്റജിക് തിങ്കിംഗ് ബ്ലോക്ക് അംഗങ്ങൾ മുന്നോട്ടുവച്ചു. ഈ മാറ്റം അംഗീകരിക്കപ്പെടുകയാണെങ്കിൽ, രാജ്യത്തിന്റെ പരിസ്ഥിതി നയങ്ങളിൽ സുപ്രധാന മാറ്റം സംഭവിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
നിർദേശം അവതരിപ്പിച്ചത് പാർലമെന്റ് സാമ്പത്തിക കാര്യ സമിതി ചെയർമാനും ബ്ലോക്ക് പ്രസിഡന്റ് ആയും പ്രവർത്തിക്കുന്ന അഹമ്മദ് അൽ സല്ലൂം ആണ്. അദ്ദേഹം പറഞ്ഞു:
“ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം കാർബൺ പുറന്തള്ളൽ കുറയ്ക്കാനും, വായു മലിനീകരണം നിയന്ത്രിക്കാനും, ബിസിനസുകളുടെ ദീർഘകാല ചെലവ് കുറയ്ക്കാനും, നഗരജീവിതത്തിന്റെ നിലവാരം ഉയർത്താനും സഹായിക്കും.“
ഇത് ബഹ്റൈൻ ഗവൺമെന്റിന്റെ ഊർജ പരിവർത്തന ശ്രമങ്ങൾക്കും പരിസ്ഥിതി സൗഹൃദ നിക്ഷേപ നയങ്ങൾക്കും പിന്തുണ നൽകുന്ന ശ്രമമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിനായി സർക്കാർ സ്വീകരിക്കാവുന്ന സഹായങ്ങളും ആസൂത്രണങ്ങളുമാണ്:
- നികുതി ഇളവുകൾ
- അനുദാനങ്ങൾ (ഗ്രാന്റുകൾ)
- കുറഞ്ഞ പലിശയുള്ള വായ്പകൾ
ഇലക്ട്രിക് ചാർജിംഗ് സൗകര്യങ്ങൾ, പുതിയ ഊർജ പദ്ധതികൾ എന്നിവയുടെ വികസനത്തിലൂടെ ഈ നീക്കത്തിന് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിന് സർക്കാർ പദ്ധതികൾ പുരോഗമിക്കുന്നതായും അൽ സല്ലൂം പറഞ്ഞു.
നിയമം നടപ്പിലാക്കിയാൽ, ഡെലിവറി കമ്പനികൾക്ക് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിനായി രണ്ട് വർഷത്തെ ഗ്രേസ് പീരിയഡ് നൽകണമെന്ന് നിയമനിർമ്മാണ, നിയമകാര്യ സമിതി വൈസ് ചെയർമാൻ അലി അൽ ദോസരി ആവശ്യപ്പെട്ടു.
നിർദേശം നിലവിൽ അവലോകനത്തിനായി ബന്ധപ്പെട്ട പാർലമെന്റ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.