ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തി, ഇറാനെതിരെ ആക്രമണം നടത്തി ഇസ്രയേൽ. കഴിഞ്ഞ ദിവസം രാത്രിയോടെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാന് സമീപം വലിയ ശബ്ദത്തോടെ സ്ഫോടനങ്ങളുണ്ടായി.ടെഹ്റാന് സമീപമുള്ള കരാജ് പ്രദേശത്താണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ആക്രമണം ഉണ്ടായ കാര്യം ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ ഭാഗത്തു നിന്നുണ്ടായ നിരന്തരമായ ആക്രമണങ്ങൾക്ക് തിരിച്ചടിയാണ് ഇതെന്ന് ഇസ്രയേലി ഡിഫൻസ് ഫോഴ്സ് പറഞ്ഞു. ‘ ലോകത്തെ മറ്റേത് രാജ്യത്തെപ്പോലെയും, തിരിച്ചടിക്കാൻ ഇസ്രയേലിനും അവകാശമുണ്ട്. ഞങ്ങളുടെ പ്രതിരോധ സംവിധാനങ്ങളെല്ലാം തയ്യാറാണ്. രാജ്യത്തെ സംരക്ഷിക്കാൻ ഞങ്ങൾ വേണ്ടതെല്ലാം ചെയ്യും’; ഇസ്രയേലി ഡിഫൻസ് ഫോഴ്സ് പ്രതികരിച്ചു.
ഒക്ടോബർ ഒന്നിന് ഇസ്രയേലിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിന് തിരിച്ചടിയായിരുന്നു കഴിഞ്ഞ ദിവസമുണ്ടായ ആക്രമണം. ഹിസ്ബുള്ള തലവൻ സയ്യിദ് ഹസ്സൻ നസ്റല്ലയെ ഇസ്രയേൽ വധിച്ചതിന് പിന്നാലെയാണ് ഇറാന്റെ ആക്രമണം. നാല് പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഇസ്രയേലിന് നേരെ മിസൈൽ ആക്രമണത്തിന് ഇറാൻ പദ്ധതിയിടുന്നുവെന്ന അമേരിക്കൻ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഇറാന്റെ ആക്രമണം.










