ദോഹ: ഇന്ത്യ- പാകിസ്താൻ സൈനിക നടപടികളുടെ പശ്ചാത്തലത്തിൽ അമൃത്സർ ഉൾപ്പെടെ നഗരങ്ങളിലേക്കുള്ള സർവിസുകൾ ഖത്തർ എയർവേസ് താൽക്കാലികമായി റദ്ദാക്കി. പാകിസ്താനിലെ കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, മുൾട്ടാൻ, പെഷാവർ, സിയാൽകോട്ട് തുടങ്ങിയ നഗരങ്ങളിലേക്കുള്ള സർവിസുകളും നിർത്തിവെച്ചു. തിങ്കളാഴ്ച വരെയുള്ള വിമാനങ്ങൾ റദ്ദാക്കുന്നതായി ഖത്തർ എയർവേസ് ‘എക്സ്’ പ്ലാറ്റ്ഫോമിൽ കുറിച്ചു.
സൈനിക ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്താൻ വ്യോമപാത നേരത്തേ അടച്ചിരുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഉത്തർ പ്രദേശ്, കശ്മീർ ഉൾപ്പെടെ സംസ്ഥാനങ്ങളിലായി 32 വിമാനത്താവളങ്ങൾ അടച്ചിരുന്നു. മേയ് 15 വരെയാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചത്. ദോഹയിൽ നിന്നും എല്ലാ ദിവസങ്ങളിലും ഓരോ സർവിസുകളാണ് അമൃത്സറിലേക്കുള്ളത്.
