മനാമ : ഇന്ത്യൻ എംബസിയുടെ 2025ലെ ആദ്യ ഓപ്പൺ ഹൗസ് ജനുവരി 31ന് അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ നടന്നു. എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ ടീം, കോൺസുലാർ ടീം, പാനൽ അഭിഭാഷകർ എന്നിവർ പങ്കെടുത്തു. ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ നടന്ന ഓപ്പൺ ഹൗസിൽ 30ഓളം പരാതികൾ ലഭിച്ചു. പലതും യോഗത്തിൽ തന്നെ പരിഹരിച്ചു. ബാക്കിയുള്ളവ എത്രയും വേഗം പരിഹരിക്കുമെന്ന് അറിയിച്ചു. ഇന്ത്യയുടെ 76-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടികളിൽ ഇന്ത്യൻ സമൂഹം വൻതോതിൽ പങ്കെടുത്തതിൽ അംബാസഡർ സന്തോഷം പ്രകടിപ്പിച്ചു.
അനധികൃത വായ്പാദാതാക്കളിൽ നിന്ന് വായ്പയെടുക്കരുതെന്ന് അംബാസഡർ മുന്നറിയിപ്പ് നൽകി. നിയമവിരുദ്ധമായി പണം സമ്പാദിച്ച് ഉയർന്ന പലിശയ്ക്ക് വായ്പ നൽകുന്ന സംഘങ്ങളെക്കുറിച്ച് എംബസിക്ക് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രായപൂർത്തിയാകാത്തവർക്കുള്ള പാസ്പോർട്ട് അപേക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് (https://www.eoibahrain.gov.in/pdf/appendix’C’.pdf, https://www.eoibahrain.gov.in/pdf/appendix’D’.pdf) എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കാം.
ഓപ്പൺ ഹൗസിന് പിന്തുണ നൽകിയ ബഹ്‌റൈൻ സർക്കാരിനും ഇന്ത്യൻ അസോസിയേഷനുകൾക്കും കമ്മ്യൂണിറ്റി അംഗങ്ങൾക്കും അംബാസഡർ നന്ദി അറിയിച്ചു.











