Web Desk
കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്‍റെ ഭാഗമായി നോണ്‍ എസി കോച്ചുകള്‍ ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റി ഇന്ത്യന്‍ റെയില്‍വേ. 5231 നോൺ എസി കോച്ചുകളാണ് കൊവിഡ് കെയർ സെന്‍ററിന്‍റെ നിലവാരത്തിലുളള ഐസൊലേഷന്‍ വാര്‍ഡുകളാക്കി മാറ്റിയത്. കേന്ദ്ര കുടുംബ ആരോഗ്യ മന്ത്രാലയം, നിതി ആയോഗ് എന്നിവ വികസിപ്പിച്ചെടുത്ത സംയോജിത കൊവിഡ് പ്രതിരോധ പദ്ധതിയുടെ ഭാഗമാണ് ഇവ നടപ്പാക്കിയത്. സംസ്ഥാന സർക്കാരിന്റെ സൗകര്യങ്ങൾ തികയാതെ വരുമ്പോൾ റെയില്‍വേയുടെ ഈ സേവനം ഉപയോഗിക്കാം. ഈ കോച്ചുകൾ പ്രകാശസൗകര്യവും വായുസഞ്ചാരമുള്ളതാക്കണമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്.
എസി കോച്ചുകളില്‍ പൊതുവെ കൊവിഡ് പകരാൻ സാധ്യത കൂടുതലാണ്. പൊതുവെ ഉയർന്ന അന്തരീക്ഷ താപനില വൈറസിനെതിരെ പോരാടാൻ സഹായിക്കും. തുറന്ന ജനാലകളിലൂടെയുള്ള വായുസഞ്ചാരം രോഗികൾക്ക് ഗുണം ചെയ്യും. അതുകൊണ്ടാണ് നോണ്‍ എസി കോച്ചുകള്‍ തിരഞ്ഞെടുത്തത്. ഐസൊലേഷൻ കോച്ചുകൾ മിതമായതോ അല്ലെങ്കിൽ കൊവിഡ് സംശയമുള്ളതോ ആയ കേസുകൾക്ക് മാത്രമേ പരിചരണം നല്‍കു. അത്തരം ഓരോ ഐസൊലേഷൻ ട്രെയിനിനും ഒന്നോ അതിലധികമോ കൊവിഡ് ആരോഗ്യ കേന്ദ്രങ്ങളെയും ആശുപത്രികളെയും റഫറൽ ആവശ്യത്തിനായി സജ്ജമാക്കി വെയ്‌ക്കും. കോച്ചുകളിലെ രോഗികളുടെ അവസ്ഥ വഷളാകാൻ തുടങ്ങിയാൽ അവരെ ഇവിടേക്ക് മാറ്റും.
ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന പ്ലാറ്റ്‌ഫോമിനോട് ചേർന്നുള്ള അനുബന്ധ ആരോഗ്യയൂണിറ്റിൽ അടിയന്തര പുനരുജ്ജീവന സംവിധാനം സ്ഥാപിക്കും. ട്രെയിൻ നിർത്തിയിട്ടിരിക്കുന്ന പ്ലാറ്റ്ഫോമിന്റെ അവസാനത്തിൽ വസ്‌ത്രം മാറുന്നതിനും അണുവിമുക്തമാക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണം. സ്ഥിരമായ സൗകര്യം ലഭ്യമല്ലെങ്കിൽ താൽക്കാലിക ക്രമീകരണവുമാകാം. വേനൽക്കാലത്ത് കോച്ചുകൾക്കുള്ളിലെ താപനില ക്രമീകരിക്കുന്നതിനായി പലവിധ മാർഗങ്ങള്‍ സ്വീകരിക്കും ഇത് രോഗികൾക്കും ഉദ്യോഗസ്ഥർക്കും ആശ്വാസം നൽകും.
ഐസൊലേഷന്‍ കോച്ചുകളിലെ സംവിധാനങ്ങള്‍ താഴെപ്പറയുന്നവയാണ്.
1. പ്ലാറ്റ്ഫോമുകളിൽ സ്ഥാപിച്ചിരിക്കുന്ന ഐസൊലേഷൻ കോച്ചുകൾക്ക് മുകളിൽ ഷീറ്റുകൾ അല്ലെങ്കിൽ മറ്റു അനുയോജ്യമായ സാമഗ്രികള്‍ സ്ഥാപിക്കും
2. കോച്ചുകളിൽ ബബിൾ റാപ് ഫിലിമുകൾ ഉപയോഗിക്കും.
3. കോച്ചുകളുടെ മേൽക്കൂരയിൽ ചൂട് പ്രതിഫലിപ്പിക്കുന്ന പെയിന്റ് ഉത്തര മേഖല റെയിൽവേ പരീക്ഷണാർഥം ഉപയോഗിച്ചു.
4. കോച്ചുകൾക്കുള്ളിൽ പരീക്ഷണാർഥം പോർട്ടബിൾ കൂളറുകൾ സ്ഥാപിച്ചു.
5. കോച്ചുകളില്‍ വെള്ളം ചീറ്റുന്ന സംവിധാനങ്ങളും പരീക്ഷിക്കുന്നു.